ഒരു സാദാ ഗുണ്ടക്കായി പരക്കംപായുകയാണ് കഴിഞ്ഞ കുറെദിവസമായി കേരള പൊലീസ്. അയാളാകട്ടെ കേസെടുത്ത ഇൻസ്പെക്ടറെ മുതൽ ആഭ്യന്തര മന്ത്രിയെ വരെ വെല്ലുവിളിക്കുന്നു, വിരട്ടുന്നു....ജീവിക്കാൻ വിടില്ലെന്ന് ഭീഷണിപ്പെടുത്തുന്നു, മുഖം പോലും മറയ്ക്കാതെ ആർക്കും കാണാനാവും വിധം വാഹനത്തിൻറെ മുൻസീറ്റിൽ തന്നെയിരുന്നത് പ്രധാന പാതകളിലൂടെ യാത്ര ചെയ്യുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം പ്രതികരിക്കുന്നു. ചെങ്കൊടിത്തണലിൽ വളർന്ന ഭൂതകാലം ഓർമ്മിപ്പിച്ച് എതിരാളികൾക്ക് മുന്നറിയിപ്പ് നൽകുന്നു. നാണക്കേടിൻറെ കാക്കിയിട്ട്, കഴിവുകേടിൻറെ തൊപ്പിയിട്ട് ഒരു ക്ലൂവുമില്ലാതെ പകച്ചുനിൽക്കുകയാണ് കേരള പൊലീസ്. ആയങ്കിയെ പിടിച്ചേ അടങ്ങുവെന്ന് പ്രഖ്യാപിച്ച് ഇപ്പോൾ പതിനൊന്നംഗ പ്രത്യേക സ്ക്വാഡുണ്ടാക്കിയിട്ടുണ്ട്. കരയിലും വെള്ളത്തിലും തിരച്ചിൽ തുടരുന്നു. സർക്കാർ പുതുതാണെങ്കിലും പൊലീസ് പഴയതുതന്നെ. കഴിഞ്ഞ പത്തുവർഷം അധികാരത്തിൻറെ സംരക്ഷണത്തിൽ ക്രിമിനൽ പ്രവൃത്തികൾ നിർബാധം തുടർന്നവർ ഇപ്പോഴും ശക്തരോ? ക്വട്ടേഷനും കൊലവിളിയും സ്വർണക്കവർച്ചയുമായി കണ്ണൂർ ഗുണ്ടകൾ വാഴുന്നോ? ജയിലിനകത്തും പുറത്തും അവർ സ്വന്തം സാമ്രാജ്യം തീർക്കുന്നോ?