കേരളത്തിന് അതിവേഗ റെയിൽ വേണമെന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് അഭിപ്രായ വ്യത്യാസമില്ല. അത് കേരളത്തിൻറെ ക്രെഡിറ്റിലാകണോ, കേന്ദ്രത്തിൻറെ ക്രെഡിറ്റിലാകണോ എന്നതിൽ മാത്രമാണ് തർക്കം. കെ റെയിൽ വരുംകേട്ടോ എന്ന് അത്യുച്ചത്തിൽ പ്രഖ്യാപിച്ചിടത്തു നിന്ന് RRTS വന്നേക്കും കേട്ടോ എന്ന് ഉറപ്പില്ലാതെ പറയേണ്ട ഗതികേടിലാണ് മുഖ്യമന്ത്രി. കേന്ദ്രമാകട്ടെ വരും വരും എന്ന് കൊതിപ്പിക്കുന്നതല്ലാതെ നയാപൈസ ഈ ബജറ്റിലും വകയിരുത്തിയിട്ടില്ല. അതിനിടെയാണ് അതിവേഗറെയിലിന് പദ്ധതി തയ്യറാക്കുന്നുവെന്ന ഇ ശ്രീധരൻറെ പ്രഖ്യാപനം. പിന്നാലെ സ്വന്തം നിലയിൽ പാലക്കാട്ട് ഓഫീസും തുറന്നു മെട്രോമാൻ. റെയിൽ മന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് ഇ ശ്രീധരൻ ആവർത്തിക്കുന്നുണ്ടെങ്കിലും അത് പരസ്യമായി സമ്മതിക്കാൻ തയ്യാറാകുന്നില്ല കേന്ദ്രം. പദ്ധതിക്ക് പണമെവിടെയെന്ന് പരിഹസിക്കുന്ന സംസ്ഥാന സർക്കാരിന് വ്യക്തമായ മറുപടി നൽകാൻ ശ്രീധരനും കഴിയുന്നില്ല. അപ്പോൾ പിന്നെ ഏതു പാതയാണ് വരിക? ആരുടെ പ്രഖ്യാപനമാണ് വിശ്വാസ യോഗ്യം? തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാന ബജറ്റിൽ 100 കോടി മാറ്റി വച്ചത് ഒരു രൂപരേഖയുമില്ലാത്ത പദ്ധതിക്കാണോ? അതിവേഗ സ്വപ്നങ്ങൾ വിൽക്കുക മാത്രമാണോ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ?