ഒരു നിശ്ചിത കാലഘട്ടത്തിലെ ദേവസ്വം ബോര്‍ഡ് ഭരണാധികാരികള്‍ കൂട്ടത്തോടെ അറസ്റ്റിലാകുക, അകത്തുകിടക്കുക. കേട്ടിട്ടുണ്ടോ ഇങ്ങനെയൊന്ന്? ഇല്ല. പക്ഷെ അതുമാത്രമല്ലല്ലോ വിചിത്രമായും അസാധാരണമായും നടന്നത്.
ശബരിമലയെന്ന ലോകമറിയുന്ന ഒരു ക്ഷേത്രത്തില്‍നിന്ന് എത്ര ആസൂത്രിതമായാണ് ദേവന്‍റെ മുതല്‍ ഒരുകൂട്ടമാളുകള്‍ കട്ടുകൊണ്ടുപോയത്, ശ്രീകോവിലിന്റെ കട്ടിളപ്പാളിയില്‍നിന്നും ദ്വാരപാലകശില്‍പപാളികളില്‍നിന്നും. ഇപ്പോഴുമറിയില്ല, മറ്റെന്തൊക്കെയെന്ന്. എസ്ഐടി അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്.
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടക്കം പ്രമുഖരുടെ നീണ്ട നിരയാണ് അകത്ത്. ഇന്നുവന്ന വിവരങ്ങള്‍ പ്രകാരം 2024 ലെ ദേവസ്വം ബോര്‍ഡിലേക്കും അന്വേഷണം വരും. പ്രസിഡന്റായിരുന്ന പി.എസ്.പ്രശാന്തിനെ വീണ്ടും ചോദ്യംചെയ്യും. ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനോട് മറ്റന്നാള്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2019ല്‍ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യംചെയ്യണോയെന്നതില്‍ തീരുമാനവും ഉടനുണ്ടാകും. ഒപ്പം ദ്വാരപാലക ശില്‍പപാളി കേസിലും തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തി.
യുഡിഎഫിന്റെ ബോര്‍ഡിരിക്കെ കൊടിമരം മാറ്റിയതും അതിലെ വാജിവാഹനം തന്ത്രിയിലേക്ക് എത്തിയതും വിഗ്രഹങ്ങള്‍ എവിടെയെന്നതും അന്വേഷണ പരിധിയിലാണ്. അപ്പോള്‍ ഇന്നത്തെ ചോദ്യം, ഇനിയുണ്ടോ ഉന്നതര്‍ അകത്തുപോകാന്‍?