ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെചൊല്ലി ഭരണ–പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള വാക്പോര് തുടരുകയാണ്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും ജോണ്‍ ബ്രിട്ടാസ് എംപിയും തമ്മിലായിരുന്നു ഇന്നത്തെ ആരോപണപ്രത്യാരോപണങ്ങള്‍. കേന്ദ്ര–സംസ്ഥാന ബന്ധത്തിന് പാലമായ എം.പിയോടാണ് പോറ്റിക്ക് നല്ല ബന്ധമെന്നാണ് അടൂര്‍ പ്രകാശ് ആരോപിച്ചത്. എന്നാല്‍ അടൂര്‍ പ്രകാശിന്‍റേത് ഉണ്ടയില്ലാ വെടിയെന്ന് തിരിച്ചടിച്ച ബ്രിട്ടാസ് അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇരുമുന്നണികള്‍ക്കും സ്വീകാര്യനായിരുന്നു പോറ്റിയെന്ന് തെളിഞ്ഞുവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം ഉയരവെ സിബിഐ അന്വേഷണത്തിനായി പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണ് ബിജെപി. കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തെ പൂര്‍ണമായും വിശ്വസിച്ചിരുന്നവര്‍ക്ക് പോലും അന്വേഷണസംഘത്തിന്റെ മെല്ലെപ്പോക്കില്‍ ഇപ്പോള്‍ സംശയവും ആശങ്കയുമാണ്. കൊള്ളയ്ക്ക് പാലമിട്ടതാരാണ്?