അയ്യപ്പന്‍റെ ഉറക്കുപാട്ടായ ‘ഹരിവരാസനം’ ഗാനം പാടി ഗായിക ഗൗരി ലക്ഷ്മി. ഗൗരിയുടെ ഹരിവരാസനം കവര്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. വളരെ ശാന്തമായി ബഹളങ്ങളില്ലാതെ ഭാവാർദ്രമായാണ് ഗൗരി ഹരിവരാസനം പാടുന്നത്. യൂട്യൂബിലടക്കം പങ്കുവച്ച വിഡിയോക്ക് താഴെ ആരാധകരും കമന്‍റുകളുമായെത്തിയിട്ടുണ്ട്. പാട്ടിനോട് നീതി പുലര്‍ത്തിയെന്നും ഭയന്നാണ് കേൾക്കാൻ കയറിയത് പക്ഷേ വളരെ മനോഹരം, ഒത്തിരി നന്ദി എന്നിങ്ങനെയുള്ള കമന്‍റുകളുമാണ് വിഡിയോക്ക് താഴെ ലഭിക്കുന്നത്. ‘തിരിച്ച് വരൂ ഇതാണ് നിങ്ങളുടെ ലോകം, ഇവിടെ നിങ്ങൾക്ക് ആരാധകർ ഉണ്ട്, ഭാവി ഉണ്ട്. ഞങ്ങൾ എല്ലാരും ഉണ്ട്’ എന്നാണ് ഒരാള്‍ പാട്ടിനുതാഴെ കുറിച്ചത്.
അതേസമയം, വലിയ കയ്യടികള്‍ ലഭിക്കുമ്പോഴും വിമര്‍ശനവും കനക്കുന്നുണ്ട്. ഹരിവരാസനം പാടാൻ ഗൗരിക്ക് അർഹതയില്ലെന്ന തരത്തിലാണ് ചില ആളുകള്‍ കമന്‍റുമായെത്തിയത്. ‘നിങ്ങൾ ഈ പാട്ട് പാടുന്നത് കേൾക്കുന്നത് തന്നെ സഹിക്കുന്നില്ല. അരുത് നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റ് ഗാനങ്ങൾ പാടൂ ഇത് അൽപമെങ്കിലും ഭക്തിയുള്ളവർ പാടട്ടെ.’ എന്നാണ് ഒരാൾ കമന്‍റ് ചെയ്തിരിക്കുന്നത്. ഈ പാട്ടിനെ വെറുതേവിടൂ, എന്തിനാണ് അറിയാത്ത പണിക്കു നില്‍ക്കുന്നത്, പാട്ടിന് പറ്റിയ വസ്ത്രമല്ല എന്നിങ്ങനെയുള്ള കമന്‍റുകളും വരുന്നുണ്ട്.
13-ാം വയസിൽ കാസനോവ എന്ന ചിത്രത്തിന് വേണ്ടി ഗാനം രചിച്ചുകൊണ്ടാണ് ഗൗരി ലക്ഷ്മി സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. ‘ഗോദ’ സിനിമയിലെ ‘ആരോ നെഞ്ചിൽ’ എന്ന ഗാനവും വലിയ പ്രേക്ഷക പ്രീതി നേടിയിരുന്നു. സ്വതന്ത്ര സംഗീത ആൽബങ്ങളിലൂടെയും ഗൗരി ലക്ഷ്മി ശ്രദ്ധനേടി. ഗൗരി ലക്ഷ്മി ആലപിച്ച് 2024ൽ പുറത്തിറങ്ങിയ ‘എന്റെ പേര് പെണ്ണ്’ എന്ന് തുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.