ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. ആറ് മണിക്കൂറിലേറെ കാത്ത് നിന്നാണ് സ്വാമിമാർക്ക് ദർശനം സാധ്യമാകുന്നത്. ഇന്നത്തെയും നാളത്തെയും അവധി കണക്കിലെടുത്ത് മലയാളികൾ കൂടുതലായി സന്നിധാനത്തേയ്ക്ക് എത്തുന്നുണ്ട്.
കുഞ്ഞുങ്ങളുമായി എത്തിയ സ്വാമിമാരുടെ സംഘം തിരക്ക് കാരണം വരിയിൽ നിന്നിറങ്ങി അൽപം വൈകിയാലും തിരക്കൊഴിയുന്ന സമയം നോക്കി ദർശനം നടത്താനുള്ള തീരുമാനത്തിലാണ്.
ക്രിസ്മസ് അവധി കഴിഞ്ഞ് അടുത്ത ദിവസങ്ങളിൽ സ്കൂളുകൾ തുറക്കുമെന്ന സാഹചര്യം കണക്കിലെടുത്താണ് മലയാളി സ്വാമിമാരുടെ കൂടുതലായുള്ള വരവ്. മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് എത്തി ദർശനം കഴിഞ്ഞ് മടങ്ങാമെന്ന ഇതര സംസ്ഥാനക്കാരായ സ്വാമിമാരുടെ തീരുമാനം ദിവസേന ലക്ഷം കടക്കുന്ന മട്ടിലേക്ക് തീർഥാടക പ്രവാഹത്തിൻ്റെ കാരണമാണ്.