തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷമുള്ള ആദ്യത്തെ വാര്‍ത്താസമ്മേളത്തില്‍ ശബരിമലക്കൊള്ളയില്‍ മുതല്‍ വെള്ളാപ്പള്ളിക്കാര്യത്തില് വരെ മുഖ്യമന്ത്രിക്ക് ഉത്തരം പറയേണ്ടി വന്നു. അപ്പോഴും പറയേണ്ട, നാടറിയേണ്ട മറുപടി കിട്ടിയോ ? ശബരിമലക്കൊള്ളയിലെ പ്രതിയായ പത്മകുമാര്‍ ഇന്നും പാര്‍ട്ടിയില്‍ തുടരുന്നതെങ്ങനെ എന്ന ചോദ്യത്തിന്.. ‘മുഖ്യമന്ത്രി സ്ഥാനത്തിന് ഇരുന്ന് അതിന് മറുപടി പറയാനാകില്ലെന്ന’ വിദഗ്ധ ഒഴിഞ്ഞുമാറല്‍ കണ്ടു. എന്നാല്‍, മറ്റുചിലത് മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ കുറ്റമറ്റ അന്വേഷണം നടക്കുന്നു, ഹൈക്കോടതി ദേവസ്വം ബഞ്ചിന് ആക്ഷേപമില്ല, സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം ഹൈക്കോടതി തന്നെ പരിശോധിക്കട്ടെ എന്ന് വിശദീകരിച്ച മുഖ്യമന്ത്രി... സോണിയാഗാന്ധിയെ പോറ്റിയും ഗോവര്‍ധനും കണ്ടിരുന്നു എന്നതും ആയുധമാക്കി. താന്‍ പോറ്റിയെ കണ്ടത് ഒരു പൊതുപരിപാടിക്ക് ഇടെയാണ് എങ്കില്‍ അടൂര്‍ പ്രാകാശും ആന്റോ ആന്റണിയും വഴി പോറ്റി, സോണിയയെ അങ്ങോട്ട് പോയി കാണുകയായിരുന്നു. അതിനര്‍ഥം എന്തെന്ന് മുഖ്യമന്ത്രി. അയ്യപ്പസംഗമത്തിനിടെ വെള്ളപ്പാള്ളിയെ കാറില്‍ കയറ്റിയതിനും ന്യായം, വെള്ളാപ്പള്ളിയുടെ വാവിട്ട, വര്‍ഗീയ ചുവയുള്ള വാക്കുകള്‍ ഒരു സമുദായത്തിന് എതിരല്ല എന്ന് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടല്ലോ എന്നും പിണറായി.