നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ തദ്ദേശതെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. പാർട്ടി ഗ്രാമങ്ങളിലെ എതിരാളികളില്ലാത്ത വാർഡുകൾ മുതൽ അപ്രതീക്ഷിതമായി തള്ളിപ്പോയ പത്രികകളിലൂടെ സ്ഥാനാർത്ഥികൾ ഇല്ലാതായ ഡിവിഷനുകൾ വരെ. രോഷം മനസ്സിലൊതുക്കി പിന്മാറിയ വിമതർ മുതൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ വാശിയോടെ കളത്തിലുള്ളവര്‍ വരെ. പ്രചാരണത്തിൽ നിന്ന് പിന്മാറിയാൽ കൈനിറയെ പണം കൊടുക്കാമെന്ന് മോഹിപ്പിക്കുന്നവർ മുതൽ മത്സരിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നവർ വരെ. പ്രകടനപത്രികയിലെ വൻവാഗ്ദാനങ്ങൾ മുതൽ വിശ്വാസികളെ വ്രണപ്പെടുത്തിയ ശബരിമല സ്വർണ്ണക്കൊള്ളവരെ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ശക്തിപരീക്ഷണമെന്ന നിലയിൽ മൂന്നു മുന്നണികൾക്കും നിർണ്ണായക പോരാട്ടമാണ് തദ്ദേശ തെരഞ്ഞെടുപ്പ്. ശബരിമലസ്വര്‍ണക്കൊള്ള പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്ര ചലനമുണ്ടാക്കുമോ ?സംസ്ഥാന ഭരണത്തിൻറെ ശരിയായ വിലയിരുത്തലാകുമോ ഈ ജനവിധി ? പ്രതിപക്ഷത്തിൻറെ കരുത്തിൻറെയും വിശ്വാസ്യതയുടെയും റഫറണ്ടമാകുമോ? അട്ടിമറി വിജയങ്ങളിലൂടെ ബിജെപി അത്ഭുതപ്പെടുത്തുമോ?