ബേപ്പൂരില്‍ പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പി.വി.അന്‍വര്‍ അടുത്ത ബേപ്പൂര്‍ എംഎല്‍എ ആകുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. ആദ്യമായാണ് അന്‍വര്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഔദ്യോഗിക നേതൃത്വത്തില്‍ നിന്ന് പ്രതികരണം ഉണ്ടാകുന്നത്. യുഡിഎഫിന്റെ ആദ്യ സ്ഥാനാര്‍ഥിപ്രഖ്യാപനം കൂടിയാണിത്.
ബേപ്പൂരിൽ സ്ഥാനാർഥിത്വം ഉറപ്പിച്ചെന്ന് പി.വി. അൻവർ നേരത്തെ മനോരമന്യൂസിനോടു പറഞ്ഞിരുന്നു. ഉറപ്പ് കിട്ടാതെ വെയിൽ കൊള്ളില്ലല്ലോയെന്നും ഔദ്യോഗിക പ്രഖ്യാപനം നേതൃത്വം നടത്തുമെന്നും അൻവർ വ്യക്തമാക്കിയിരുന്നു.
പി.വി. അൻവർ മണ്ഡലത്തിൽ അനൗപചാരിക പ്രചാരണം ആരംഭിച്ചിരുന്നു. ലീഗ് നേതാവ് എം.സി മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വർ നേരിട്ട് കണ്ട് പിന്തുണ തേടിയിരുന്നു. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അന്‍വറിലൂടെ ശക്തമായ മല്‍സരം കാഴ്ച വയ്ക്കാനാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് 28,747 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബേപ്പൂരില്‍ വിജയിച്ചത്. എന്നാല്‍ ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് മികച്ച നേട്ടമുണ്ടാക്കാനായി.