kodaikkanal-rain-road
  • തമിഴ്നാട്ടിൽ അതിശക്തമായ മഴ തുടരുന്നതിനിടെ കൊടൈക്കനാൽ സെമ്പകനൂർ മേഖലയിൽ കനത്ത മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ രണ്ട് വൈദ്യുതി തൂണുകൾ തകരുകയും റോഡുകളിൽ വലിയ വിള്ളലുകൾ രൂപപ്പെടുകയും ചെയ്തു

തമിഴ്നാട്ടിൽ അതിശക്തമായ മഴ തുടരുന്നതിനിടെ കൊടൈക്കനാൽ സെമ്പകനൂർ മേഖലയിൽ കനത്ത മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ രണ്ട് വൈദ്യുതി തൂണുകൾ തകരുകയും റോഡുകളിൽ വലിയ വിള്ളലുകൾ രൂപപ്പെടുകയും ചെയ്തു. ഇതോടെ പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കൊടൈക്കനാലിലേക്കുള്ള വാഹന ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും സർക്കാർ വിലക്കേർപ്പെടുത്തി. Also Read: ‘രാവിലെ 5.23 ആയിട്ടും ശല്യം തീർന്നില്ല’; പടക്കവും ഉച്ചത്തിലുള്ള സംഗീതവും, പ്രതിഷേധവുമായി നടി

മേട്ടുപ്പാളയം–ഊട്ടി പാതയിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. പാർലിയാർ പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. അപകടസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. മണ്ണിടിച്ചിലിനെത്തുടർന്ന് പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ കോയമ്പത്തൂർ, നീലഗിരി ജില്ലകളിലേക്കുള്ള യാത്രയും ഗതാഗതവും പ്രതിസന്ധിയിലായി.

ഡിണ്ടിഗൽ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ ഉൾപ്പെടെ തമിഴ്നാട്ടിലെ പത്ത് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. സംസ്ഥാനത്തെ 14 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. നാളെയും സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്നാണ് പ്രവചനം.  അറബിക്കടലിൽ കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഈ രണ്ട് കാലാവസ്ഥാ സംവിധാനങ്ങളുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. 

ENGLISH SUMMARY:

Heavy rain has triggered a major landslide in Kodaikanal's Sembaganur area in Tamil Nadu, damaging two electricity poles and cracking roads. Vehicle movement and tourism have been restricted as a safety measure. Ten Tamil Nadu districts are under a heavy rain alert, while a potential cyclone threat is being monitored over the Bay of Bengal. In Kerala, all 14 districts are under rainfall alerts, with orange alerts in ten districts and yellow alerts in four. Weather authorities expect widespread rainfall to continue as low-pressure systems persist over the Arabian Sea and Bay of Bengal.