kollam-politics

കൊല്ലത്ത് മൂന്നു സീറ്റുകള്‍ പാക്കേജാക്കി യുഡിഎഫ് ചര്‍ച്ച. പുനലൂര്‍, ചടയമംഗലം, ഇരവിപുരം സീറ്റുകളെ കേന്ദ്രീകരിച്ചാണ് ചര്‍ച്ച നടക്കുന്നത്. ഈ ആഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനമായേക്കും.

 

രണ്ടു ടേമായി മുസ്ലിംലീഗാണ് പുനലൂരില്‍ മല്‍സരിക്കുന്നത്. രണ്ടു ടേമിലും നേരിട്ടത് പുനലൂരിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വി. ഇത്തവണ മണ്ഡലം മാറ്റി തരണമെന്നു ആദ്യമേ തന്നെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നില്‍വെച്ചു. ആവശ്യം അംഗീകരിക്കുന്നുണ്ടെങ്കിലും പകരം  ചോദിക്കുന്ന സീറ്റിലാണ് പ്രശ്നം. ഇരവി പുരം ചോദിച്ചെങ്കിലും പറ്റില്ലെന്ന മറുപടിയാണ് ആര്‍.എസ്.പി അറിയിച്ചത്. പകരം ഏതു മണ്ഡലം എന്ന ചോദ്യമാണ് ചടയമംഗലത്തെ ചുറ്റിപറ്റിയും ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

 

പ്രയാര്‍ ഗോപാലകൃഷ്ണന്‍ ജയിച്ച മണ്ഡലം മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ശക്തമായ മല്‍സരം നടത്തിയാല്‍ തിരിച്ചുപിടിയ്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. സിപിഎമ്മിന്‍റെ ശക്തി കേന്ദ്രമായ കുമ്മിള്‍ പോലുള്ള പഞ്ചായത്തുകള്‍ പിടിച്ചെടുക്കുകയും, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്   ഭൂരിപക്ഷം 1027 ആയി കുറയ്ക്കാനും സാധിച്ചു.

 

ചടയമംഗലം ലീഗിനു നല്‍കുന്നതില്‍ പ്രാദേശികമായും യുഡിഎഫില്‍ എതിര്‍പ്പുണ്ട്. ലീഗിനു ഇരവിപുരം നല്‍കി ആര്‍.എസ്.പിക്ക് ചടയമംഗലം നല്‍കുന്നതിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സിപിഐയുടെ പ്രദേശിക നേതാവ് മുസ്തഫ കഴിഞ്ഞ ദിവസം ആര്‍.എസ്.പിയില്‍ ചേരുകയും ചെയ്തു. സീറ്റ് മാറ്റം നടക്കുകയാണെങ്കില്‍ പുനലൂരില്‍ കോണ്‍ഗ്രസ് മല്‍സരിക്കും. അല്ലെങ്കില്‍ ലീഗ് സ്വതന്ത്രന്‍ വന്നേക്കുമെന്നാണ് സൂചന. 

 

ENGLISH SUMMARY:

Kollam UDF seat sharing is actively being discussed for the upcoming elections, focusing on Punalur, Chadayamangalam, and Eravipuram constituencies with decisions expected this week. The talks are intricate, involving coalition partners like the Muslim League and RSP, and potential seat realignments within the UDF to strengthen their electoral prospects in Kollam.