ശബരിമല സ്വര്‍ണക്കൊള്ളയില്‍ സംസ്ഥാന സര്‍ക്കാരിന്റെ തന്നെ പൊലീസ് അറസ്റ്റുചെയ്ത് കോടതി ജയിലിലാക്കിയ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിനെതിരെ പാര്‍ട്ടി നടപടിയെടുക്കുമോ? ഇല്ലെന്ന് പറയാന്‍ പറ്റില്ല. അറിയില്ല എന്നതാണ് ഇപ്പോഴത്തെ സ്റ്റാറ്റസ്. സര്‍ക്കാര്‍ നടപടിയെടുക്കുമോ? പല വിവരവും പുറത്തുവന്നു, ഇനിയും വരും, പത്മകുമാറില്‍ കൂടുതല്‍ വിശദാംശമുണ്ടെങ്കില് വേണ്ട നടപടി സര്‍ക്കാര്‍ എടുക്കും എന്നാണ് ഈ ചോദ്യത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി. സര്‍ക്കാരും പാര്‍ട്ടിയും എന്തെടുക്കും എന്നതല്ലല്ലോ പ്രധാനചോദ്യം. ഉദ്യോഗസ്ഥ തലത്തിനപ്പുറത്ത് ഇത്ര ഉയരങ്ങളിലേക്ക്, രാഷ്ട്രീയ ഉയരങ്ങളിലേക്ക് അറസ്റ്റും ചോദ്യംചെയ്യലുമെല്ലാം എത്തിയെങ്കില്‍ ഇനിയെന്ത് എന്നതാണ് ആചോദ്യം. ഉണ്ണികൃഷ്ണന് പോറ്റിക്ക് ആദ്യമേ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കിയ എ.പത്മകുമാര്‍ പോറ്റിയുമായി അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നല്ല അടുപ്പമെന്ന് മൊഴി നല്‍കിയെന്നാണ് അറിയുന്നത്. അപ്പോള്‍ ഇനിയെന്ത്? എപ്പോള്‍? ഒരുകാര്യംകൂടി ആമുഖമായി പറയട്ടെ, ശബരിമലയെ പരിപാവനമായി കാണുന്ന അസംഖ്യം മനുഷ്യരെ തകര്‍ത്തുകളയുംവിധം സ്വര്‍ണക്കൊള്ളയ്ക്ക് ആസൂത്രണം തുടങ്ങിയത് പത്മകുമാറെന്നാണ് എസ്ഐടിയുടെ വിലയിരുത്തല്‍. അപ്പോള്‍ ഉത്തരംപറയേണ്ടത് പത്മകുമാര്‍ വരെയുള്ള രാഷ്ട്രീയനേതൃത്വം മാത്രമോ?