ഇത്രകാലവുമില്ലാത്ത സംഗമം ഇപ്പോൾ എന്തുകൊണ്ടെന്ന് ചോദിക്കുന്നവരുണ്ട്. കാലത്തിന് അനുസരിച്ച് തീർത്ഥാടക പ്രവാഹം വർദ്ധിക്കുമ്പോൾ അത് ആവശ്യപ്പെടുന്ന രീതിയിൽ ഉയർന്ന് ചിന്തിക്കേണ്ടതുണ്ട് എന്നതാണ് ഉത്തരം. സെപ്റ്റംബർ 20 ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതാണിത്. ഏഴുകോടി മുടക്കിയ  അയ്യപ്പ സംഗമത്തിലെ സെമിനാറുകളിലെ പ്രധാന രണ്ട് വിഷയങ്ങൾ ഇവയായിരുന്നു, ഒന്ന്, ആൾക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും,  രണ്ട്, ആത്മീയ ടൂറിസം സർക്യൂട്ട് . ഇതെല്ലാം ഭക്തരെ പറ്റിക്കാനുള്ള വെറും വായ്ത്താരികളായിരുന്നുവെന്ന് തെളിയിച്ചുകൊണ്ടാണ് അയ്യപ്പ സംഗമത്തിന് ശേഷമുള്ള ആദ്യ തീർത്ഥാടനകാലം തുടങ്ങിയത്. തീർത്ഥാനകാല തയ്യാറെടുപ്പിൽ സമ്പൂർണ്ണ പാളിച്ച. തിരക്ക് നിയന്ത്രണം പാളി. ക്യൂകോംപ്ലക്സിൽ കുടിവെള്ളമില്ല. ശുചിമുറികളിൽ വെള്ളമില്ല, വൃത്തിയാക്കാൻ വേണ്ട തൊഴിലാളികളില്ല.. പമ്പാനദി മലിനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കേണ്ട അവലോകനയോഗം നടന്നില്ല. പമ്പയിൽ പതിവുള്ള യോഗം വിളിച്ചില്ല. മാസങ്ങൾക്കു മുമ്പേ തുടങ്ങേണ്ട മുന്നൊരുക്കങ്ങൾ കടലാസ്സിൽ മാത്രം. തീർത്ഥാടത്തിനെത്തുന്ന ഒരാൾക്കുപോലും മലകയറാതെ തിരിച്ചുപോകേണ്ടി വരില്ലെന്ന പ്രഖ്യാപനവും പാഴാകുന്നത് നാം കണ്ടു. ആഗോള തീർത്ഥാടന കേന്ദ്രത്തിൽ ഇതിൽപ്പരം അലംഭാവം കാണിക്കാൻ ഒരു സർക്കാരിനും ദേവസ്വം ബോർഡിനും കഴിയില്ല. ഒരുക്കങ്ങളുടെ അഭാവം പുതിയ ദേവസ്വം പ്രസിഡൻറ് തന്നെ പരസ്യമായി സമ്മതിച്ചു. ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. അയ്യപ്പ ഭക്തരുടെ ക്ഷമ പരീക്ഷിക്കുകയാണോ പിണറായി സർക്കാർ? അയ്യപ്പൻറെ സ്വർണ്ണം കവർന്ന് കുപ്രസിദ്ധരായവർ, തീർത്ഥാടനകാലം കൂടി കുളം തോണ്ടുകയാണോ? ശബരിമലയെ സംരക്ഷിക്കേണ്ട സർക്കാർ, ഭക്തരെ വെല്ലുവിളിക്കുകയാണോ? അയ്യപ്പസംഗംമം മാസങ്ങൾ നീണ്ട ആലോചനയുടെ ഫലമായി സംഘടിപ്പിച്ചതാണെന്ന് അവകാശപ്പെട്ടവര്‍ക്ക് പതിവ് തീർത്ഥാടനകാലത്തിനുള്ള ഒരുക്കങ്ങൾക്ക് വൃശ്ചികം ഒന്നുവരെ സമയം കിട്ടിയില്ലെങ്കിൽ, അതിനെക്കാള്‍ വലിയ അനാസ്ഥ മറ്റെന്തുണ്ട് ? 

ENGLISH SUMMARY:

Sabarimala pilgrimage preparation failures are highlighted. The government's lack of preparedness for the annual pilgrimage season has drawn criticism for inadequate facilities and mismanagement.