തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിക്ക് കാരണം സംസ്ഥാന ഭരണത്തിനെതിരായ ജനവികാരമാണെന്ന് സിപിഎം വിലയിരുത്തൽ. ശബരിമല സ്വർണക്കൊള്ള, ആഗോള അയ്യപ്പ സംഗമം എന്നിവയാണ് കനത്ത തിരിച്ചടിയുണ്ടാക്കിയ പ്രധാന ഘടകങ്ങളെന്നും സിപിഎം കേന്ദ്രങ്ങൾ അഭിപ്രായപ്പെടുന്നു. തോൽവിയുടെ കാരണങ്ങൾ വിശദമായി ചർച്ച ചെയ്യാൻ നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന സമിതിയും ചേരുന്നുണ്ട്. യോഗത്തിന് മുന്നോടിയായി നേതാക്കൾ പരസ്പരം ആശയവിനിമയം നടത്തിയിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസ് സിപിഎമ്മിനും എൽഡിഎഫിനും വലിയ തിരിച്ചടിയായി എന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. ശബരിമലയെ പോലുള്ള ഒരു ക്ഷേത്രത്തിൽ ഇത്തരം സംഭവം നടന്നത് വിശ്വാസികളെയും മതേതര ജനാധിപത്യ കാഴ്ചപ്പാടുള്ളവരെയും ഒരുപോലെ വേദനിപ്പിച്ചു. ഇത് വലിയൊരു വിഭാഗം വോട്ടുകൾ സിപിഎമ്മിനും എൽഡിഎഫിനും എതിരാകാൻ കാരണമായി. വിശ്വാസികളെ ഒപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആഗോള അയ്യപ്പ സംഗമം യാതൊരു തരത്തിലും ഗുണകരമായില്ലെന്ന് മാത്രമല്ല, രണ്ട് രീതിയിൽ ദോഷകരമായി ബാധിച്ചതായും വിലയിരുത്തപ്പെടുന്നു. ഭൂരിപക്ഷ സമുദായത്തെ ഒപ്പം നിർത്താനുള്ള ശ്രമം ഫലം കണ്ടില്ല.
കൂടാതെ, സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ചർച്ചകൾ ഇതിനിടയിൽ ഉയർന്നുവന്നത് ലക്ഷ്യം തകർത്തു. അയ്യപ്പ സംഗമം കാരണം ന്യൂനപക്ഷ വോട്ടുകൾ വലിയ രീതിയിൽ എതിരായി. സംഗമവേദിയിലേക്ക് വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ വന്നിറങ്ങിയത് പോലും ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടുത്താൻ കാരണമായെന്ന് സിപിഎം നേതൃത്വം വിലയിരുത്തുന്നു.