കേരളത്തിന് നാളെ പിറന്നാളാണ്. ഈ പിറന്നാളില്‍ വലിയൊരു പ്രഖ്യാപനത്തിന് തയാറെടുത്ത് സര്‍ക്കാര്‍ പറയുന്നു, കേരളം ഇനി അതി ദരിദ്രരില്ലാത്ത നാടാണെന്ന്. ലോകത്താദ്യം അത് സാധ്യമാക്കിയത് ചൈന, പിന്നെയീ കേരളം. സത്യമെങ്കില്‍ നമ്മളാകെ സന്തോഷിക്കണം, ആഘോഷിക്കണം. 64006 കുടുംബങ്ങളെ അതി ദാരിദ്ര്യത്തില്‍നിന്ന് മുക്തമാക്കിയെങ്കിലും നമ്മള്‍ സന്തോഷിക്കണം. പക്ഷെ കേരളത്തില്‍ അത്രയും കുടുംബങ്ങളേയുള്ളോ അതിദരിദ്രരായി എന്നത് ചോദ്യമാണ്. അതോ അത്രയും കുടുംബങ്ങളെ കൈപിടിച്ച് ഉയര്‍ത്തി എന്നാണോ ശരിയായ വായന? അതിദരിദ്രരായി കണ്ടെത്തിയ വലിയ സംഖ്യ മുന്‍കാലത്തുണ്ട് എന്നിരിക്കെ ചോദ്യം ന്യായമാണ്, ഉത്തരം ആവശ്യവുമാണ്. നാളെ നിയമസഭ ചേരുന്നു ഒറ്റദിവസത്തേക്ക്, പുരോഗമന കേരളം ഒരു യുഗസംക്രമണത്തിന് സാക്ഷ്യം വഹിക്കുന്നു നാളെയെന്ന് സര്‍ക്കാരും ഇടതുപക്ഷവും. കള്ളക്കണക്കുകൊണ്ടുള്ള ചെപ്പടിവിദ്യയെന്ന് പ്രതിപക്ഷം. വീണ്ടുമാചോദ്യം, നമ്മുടെ നാട് അതിദരിദ്രരില്ലാതായി എന്നാണെങ്കില്‍ നല്ലതല്ലേ, സന്തോഷിക്കണ്ടേ? അതോ അത്രയും കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ചു എന്നതോ ശരി?