മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും സിപിഐ ഒത്തുതീര്‍പ്പിന് തയാറായില്ല. പരസ്യമായി പറഞ്ഞില്ലെങ്കിലും അടുത്ത മന്ത്രിസഭായോഗത്തില്‍ സിപിഐയുടെ നാല് മന്ത്രിമാര്‍ പങ്കെടുക്കില്ല എന്നാണ് അറിയുന്നത്. പിഎം ശ്രീയിൽ സിപിഐ ഉയർത്തിയ കലാപം മുഖം രക്ഷിക്കാനുള്ള നാടകമാണെന്ന് കരുതിയവർക്ക് തെറ്റിയോ? വി ശിവൻകുട്ടിയോടും എം വി ഗോവിന്ദനോടും എം എ ബേബിയോടും മാത്രമല്ല, സാക്ഷാൽ പിണറായി വിജയനോടും നേർക്ക് നേർ നിന്ന് ഇതെന്ത് സർക്കാർ, ഇതെന്ത് മുന്നണി എന്ന് ചോദിക്കുകയാണോ ബിനോയ് വിശ്വം? കാനം രാജേന്ദ്രൻ സെക്രട്ടറിയായിരിക്കെ, മന്ത്രിസഭായോഗ ബഹിഷ്കരണം പ്രഖ്യാപിച്ച്, തോമസ് ചാണ്ടിയെ രാജിവയ്പ്പിച്ച അതേ സമ്മർദ്ദ തന്ത്രം രണ്ടാം പിണറായി സർക്കാരിലും സിപിഐ പ്രയോഗിക്കുകയാണോ? തോമസ് ചാണ്ടിയില്ല, പിഎം ശ്രീ എന്നതിനാൽ, സിപിഎം എളുപ്പത്തിൽ വഴങ്ങുമോ? ദേശീയ തലത്തിൽ തന്നെ സിപിഎമ്മിൻറെ ആർഎസ്എസ്, ബിജെപി വിരുദ്ധ നിലപാടുകൾ ചോദ്യം ചെയ്യപ്പെടുകയാണോ? ജനങ്ങളെ കബളിപ്പിക്കാനുള്ള തള്ളുകൾ മാത്രമായി മാറുമോ ഇടത് ബദലുകളെക്കുറിച്ചുള്ള വായ്ത്താരികൾ? ഫണ്ടാണ് പ്രശ്നമെന്ന് വിദ്യാഭ്യാസമന്ത്രി പറയുമ്പോള്‍ ഏതാനും കോടികള്‍ കിട്ടിയാല്‍ സ്വന്തം പ്രത്യയശാസ്ത്രത്തെ ഒറ്റുകൊടുക്കുന്ന പാര്‍ട്ടിയായി സിപിഎം അധപതിച്ചോ എന്ന മറുചോദ്യത്തിന് ഉത്തരമെന്ത് ?ആരോപണങ്ങളെല്ലാം ഭരണമുന്നണിയിലെ രണ്ടാം കക്ഷി തന്നെ ശരിവച്ചതോടെ സിപിഎം-ബിജെപി അന്തർധാരയെന്ന പ്രചാരണം ശക്തമാക്കുമോ യുഡിഎഫ്?