കിഫ്ബിക്കെതിരായ ഇ.ഡി നോട്ടീസ് പരിഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പശ്ചാത്തല സൗകര്യ വികസനത്തിന് വേണ്ടിയാണ് കിഫ്ബി. ആര്‍ബിഐ നിയമങ്ങളനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി. മനോരമ ന്യൂസ് വാര്‍ത്തയോടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കിഫ്ബിയുടെ മസാലബോണ്ട് ഇടപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇഡി നടപടി. ഫെമ, ആര്‍ബിഐ ചട്ടലംഘനം കണ്ടെത്തിയതോടെ കിഫ്ബി ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രിക്ക് ഇഡി കാരണം കാണിക്കല്‍ നോട്ടീസയച്ചിരുന്നു. മുന്‍ ധനമന്ത്രി തോമസ് ഐസക്ക് കിഫ്ബി സിഇഒ കെ. എം എബ്രഹാം ഉള്‍പ്പെടെയുള്ളവരും മറുപടി നല്‍കണം. മസാലബോണ്ടിലൂടെ സമാഹരിച്ച 466 കോടി രൂപ ഭൂമിവാങ്ങാന്‍ വിനിയോഗിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
മകള്‍ക്കും മകനും പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് അന്വേഷണപരിധിയില്‍ എത്തിച്ചിരിക്കുകയാണ് ഇഡി. പിണറായി വിജയന്‍ ചെയര്‍മാന്‍ കിഫ്ബി എന്ന മേല്‍വിലാസത്തിലാണ് മസാലബോണ്ട് കേസില്‍ ഇഡിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. നവംബര്‍ പന്ത്രണ്ടിന് അഡ്ജുഡിക്കേറ്റിങ് അതോറിറ്റി ഇഷ്യൂ ചെയ്ത നോട്ടീസ് വെള്ളിയാഴ്ച കിഫ്ബിയുടെ തിരുവനന്തപുരത്തെ ഓഫിസിലെത്തി കൈമാറി.
മുഖ്യമന്ത്രിക്ക് പുറമെ കിഫ്ബി, മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ.എം. എബ്രഹാം അടക്കം നാല് പേരെയാണ് ഇഡി കക്ഷി ചേര്‍ത്തിട്ടുള്ളത്. മൂന്നരവര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവില്‍ ജൂണ്‍ 27നാണ് ഇഡി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2019ല്‍ ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചിലും സിംഗപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും മസാലബോണ്ടിറക്കി നടത്തിയ ഇടപാടില്‍ ഗുരുതര ചട്ടലംഘനങ്ങളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇങ്ങനെ സമാഹരിച്ച 2672 കോടി രൂപയില്‍ 466.91 കോടി രൂപ ഉപയോഗിച്ച് ഭൂമി വാങ്ങിയതായി ഇഡി കണ്ടെത്തി.
വിദേശ വാണിജ്യ വായ്പ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍കടക്കം വിനിയോഗിക്കരുതെന്ന് ആര്‍ബിഐയും ഫെമ ചട്ടങ്ങളിലും നിഷ്കര്‍ഷിക്കുന്നുണ്ട്. ഇത് അവഗണിച്ചായിരുന്നു ഇടപാടുകള്‍. അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുന്‍പാകെ ഇഡി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്കടക്കം കാരണം കാണിക്കല്‍ നോട്ടിസ്. ഭൂമി വാങ്ങിയിട്ടില്ല, ഏറ്റെടുത്തിട്ടേ ഉള്ളൂവെന്നാണ് തോമസ് ഐസക്കിന്‍റെ വാദം. ഒപ്പം എല്ലാം രാഷ്ട്രീയക്കളിയെന്ന് പതിവ് പല്ലവിയും.
കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചവര്‍ക്ക് പ്രതിനിധി വഴിയോ അഭിഭാഷകന്‍ വഴിയോ വിശദീകരണം നല്‍കാം. ഇരുപക്ഷവും കേട്ട ശേഷമായിരിക്കും അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ അന്തിമതീരുമാനം. ചട്ടലംഘനം കണ്ടെത്തിയാല്‍ ശിക്ഷയായി തുകയുടെ അഞ്ച് ശതമാനം മുതല്‍ മൂന്നിരട്ടിവരെ കക്ഷികളില്‍ നിന്ന് പിഴയൊടുക്കാം.