പാലക്കാട് ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തിനിടെ ഉണ്ടായ കത്തിക്കുത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് പരുക്ക്. പൂരക്കമ്മറ്റി അംഗങ്ങൾ തമ്മിലാണ് ഇന്നലെ രാത്രി സംഘർഷം ഉണ്ടായത്. അക്രമത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് സിപിഎം ആരോപിച്ചു.
സ്പെഷൽ പൂരാഘോഷം നടക്കുന്നതിനിടെ പാലപ്പുറം പഴയ പോസ്റ്റ് ഓഫിസിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. പല്ലാർമംഗലത്ത് നിന്നുള്ള സ്റ്റാലിയൻസ് കമ്മിറ്റിയും അഴീക്കലപറമ്പിൽ കമ്മറ്റി അംഗങ്ങളും തമ്മിലാണ് സംഘർഷമുണ്ടായത്. സിപിഎം ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറി അർഷിദ്, ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കുത്തേറ്റത്.
മുതുകിലും തോളിലും കുത്തേറ്റ ഇരുവരെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ഒപ്പം ഉണ്ടായിരുന്ന മറ്റ് നാല് പേർക്കും സംഘർഷത്തിൽ പരുക്കേറ്റു. ഒരു സംഘം രാഷ്ട്രീയ വൈരാഗ്യം തീർക്കുകയായിരുന്നെന്ന് സിപിഎം ആരോപിച്ചു. കേസിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.