സംസ്ഥാനത്തെ ഒരു ലോക്സഭാംഗത്തിൻറെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്പിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഒളിപ്പിച്ചിരിക്കുന്നത് ആരാണ്? സംഘർഷ ദൃശ്യങ്ങളിൽ നിന്ന് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്തുമെന്ന് പ്രഖ്യാപിച്ച ജില്ലാ പൊലീസ് മേധാവി ജനങ്ങളെ വിഡ്ഢികളാക്കിയതാണോ? ഏതാണ്ട് രണ്ടാഴ്ച നീണ്ട പൊലീസ് നാടകത്തിന് തിരശ്ശീലയിട്ട് , പ്രതിയാരെന്ന് എംപി തെളിവ് സഹിതം വെളിപ്പെടുത്തിയിട്ടും പൊലീസ് മേലാളന്മാർ അഭിനയം തുടരുകയാണോ? ഇതാണോ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് ? സ്വന്തം സേനയിലെ ക്രിമിനൽ ആരെന്ന് കണ്ടെത്താൻ കഴിയാത്തവിധം കേരള പൊലീസിനെ രാഷ്ട്രീയ അടിമകളാക്കിയതാണോ തുടർഭരണത്തിൻറെ പ്രോഗ്രസ് റിപ്പോർട്ട്? ഗുണ്ടാ, മാഫിയ കൂട്ടുകെട്ടുണ്ടെന്ന് സർക്കാർ തന്നെ കണ്ടെത്തിയ അഭിലാഷ് ഡേവിഡെ്നെ പൊലീസുകാരനെ സസ്പന്ഷന് ശേഷം അതീവരഹസ്യമായി തിരിച്ചെടുത്തത് പാർട്ടി ക്വട്ടേഷനുകൾ വിശ്വസിച്ച് ഏല്പിക്കാനാണോ? ഇതാണോ രാജ്യത്ത് മറ്റൊരു സര്‍ക്കാരും കാട്ടാത്ത ആര്‍ജവം ? ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള സിപിഎം ബുദ്ധിയിൽ ഉദിച്ചതാണോ പേരാമ്പ്ര സംഘർഷവും മർദ്ദനവും? കോണ്‍ഗ്രസ് ആരോപിക്കും പോലെ, യുവനേതാവിൻറെ തലതല്ലിപ്പൊളിച്ചാൽ യുഡിഎഫ് പ്രതിഷേധത്തിൽ കേരളം നിന്നു കത്തും ശബരിമല സ്വര്‍ണക്കൊള്ള എല്ലാവരും മറക്കും എന്ന കുടില തന്ത്രമാണോ പരാജയപ്പെട്ടത്?