എന്‍റെ മക്കള്‍ എനിക്ക് അഭിമാനമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ അതേദിവസമാണ് കരിമണല്‍ കമ്പനിയില്‍ നിന്ന് ചെയ്യാത്ത സേവനത്തിന് കോടികള്‍ കൈപ്പറ്റിയ കേസില്‍ എസ്എഫ്ഐഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ മകള്‍ കര്‍ണാടക ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കള്ളപ്പണക്കേസില്‍ മകന് ഇഡി അയച്ച സമന്‍സ് കണ്ടിട്ടില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. മകനും കണ്ടിട്ടില്ല കൈപ്പറ്റിയിട്ടില്ല,. ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടോ എന്ന് മകന് അറിയാമോ എന്നതല്ല പ്രശ്നം, വിവേക് കിരൺ, സൺ ഓഫ് പിണറായി വിജയൻ, ക്ലിഫ് ഹൗസ്, തിരുവനന്തപുരം എന്ന വിലാസത്തിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഒരു സമൻസ് അയച്ചിരുന്നോ? 2023 ഫെബ്രുവരി 14 ന് രാവിലെ പത്തരയ്ക്ക് ഹാജരാകണമെന്ന് കാണിച്ച് അയച്ചതെന്ന് രേഖയിലുള്ള സമൻസ് പിന്നെ എങ്ങോട്ട് പോയി?ഇഡിയുടെ വെബ്സൈറ്റിൽ ഇപ്പോഴും കാണുന്ന ഈ രേഖ മറ്റാരുടെയും സൃഷ്ടിയല്ലെന്ന് വ്യക്തം. പിണറായി വിജയനെ അപമാനിക്കാന്‍ മകനെതിരെ ഇഡി വ്യാജരേഖയുണ്ടാക്കുമോ ?പിണറായി വിജയന്‍റെ മകള്‍ ടി.വീണയ്ക്കെതിരായ ആദായനികുതിവകുപ്പിന്‍റെ കണ്ടെത്തലും മകന്‍ വിവേകിനെതിരായ ഇഡി നോട്ടീസുമെല്ലാം മാധ്യമങ്ങള്‍ കണ്ടെത്തും വരെ പരമരഹസ്യമാക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് എന്താണ് ഇത്ര താല്‍പര്യം. കേന്ദ്ര ഏജൻസികളുടെ അഴിമതി വിരുദ്ധ പോരാട്ടത്തെ പ്രകീർത്തിക്കുന്ന ബിജെപി, ഈ വിഷയത്തിൽ എന്തുകൊണ്ട് മൗനം പാലിക്കുന്നു? രാജ്യത്തെ മുഖ്യമന്ത്രിമാര്‍ പോലും ഈ അന്വേഷണ ഏജന്‍സികളാല്‍ ചോദ്യം ചെയ്യപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്യുമ്പോള്‍ പിണറായി വിജയന്‍റെ മക്കള്‍ക്ക് പ്രത്യേക പരിഗണനയെന്ന പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പുണ്ടോ ?