നിയമസഭയിലെ തുടര്‍ച്ചയായ രണ്ടാം ദിവസത്തെ കാഴ്ചയും വര്‍ത്തമാനവുമാണ് കണ്ടത്. ദിവസങ്ങള്‍ക്ക് മുമ്പ് കോടതിയുടെ പരിഗണനയിലെന്ന ന്യായത്തില്‍ ചര്‍ച്ച പറ്റില്ലെന്ന് നിലപാടെടുത്ത സര്‍ക്കാര്‍ ഇപ്പോള്‍ ചര്‍ച്ചക്ക് സന്നദ്ധമെന്ന് സ്പീക്കര്‍. ഒരു ചര്‍ച്ചയുമില്ല, വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷം. പ്രതിപക്ഷം കോടതിയെയും ജനത്തെയും വെല്ലുവിളിക്കുന്നുവെന്ന് സര്‍ക്കാര്‍. ഇത്രയുമാണ് സഭയിലെങ്കില്‍, പുറത്ത് നടക്കുന്നത്, പുറത്തുവരുന്നത് പിന്നെയും ഞെട്ടിക്കുന്ന വിവരങ്ങളാണ്. ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം മാത്രമല്ല, ശ്രീകോവിലിന്റെ കട്ടിളയിലെ സ്വര്‍ണവും നഷ്ടമായെന്ന സംശയം. കട്ടിളയിലെ സ്വര്‍ണംപൊതിഞ്ഞ പാളികളും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിട്ടെന്നതിന്റെ തെളിവ് മനോരമ ന്യൂസിന് കിട്ടി. ദ്വാരപാലക ശില്‍പത്തില്‍ എന്നപോലെ ഇതും ചെമ്പെന്ന് രേഖയുണ്ടാക്കിയാണ് പോറ്റിക്ക് കൊടുത്തത്, ഇത് തിരിച്ചുവന്നതായി രേഖയില്ല. അപ്പോള്‍ 2018 മുതല്‍ നടന്ന വര്‍ഷങ്ങള്‍ നീണ്ട ദുരൂഹ ഇടപാടുകളുടെ വിവരങ്ങളാണ് നമ്മുടെ മുന്നിലിപ്പോള്‍. സ്വര്‍ണം ചെമ്പാക്കി റിപ്പോര്‍ട്ട് നല്‍കിയ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബുവിനെ ഇന്ന് സസ്പെന്‍ഡ് ചെയ്തു. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളിയിലെ ഇടപാടില്‍ത്തന്നെ ഒരു കിലോയിലേറെ സ്വര്‍ണം നഷ്ടമായെന്നാണ് വിജിലന്‍സ് നിഗമനം. പോറ്റിയെ ഒന്നാംപ്രതിയാക്കിയും ദേവസ്വം ജീവനക്കാരെ പ്രതികളാക്കിയും പ്രത്യേക അന്വേഷണസംഘം മുന്നോട്ടുനീങ്ങുമെന്നാണ് വിവരം. അപ്പോള്‍ ചോദ്യമിതാണ്. വര്‍ഷങ്ങളുടെ ദുരൂഹ ഇടപാടിന് മറ്റാരൊക്കെ ഉത്തരം പറയേണ്ടിവരും? ആരിലേക്കൊക്കെ അന്വേഷണമെത്തും? 

ENGLISH SUMMARY:

Sabarimala gold theft investigation intensifies following revelations of missing gold from the temple doors. Authorities are probing potential involvement of officials and priests in the long-standing alleged embezzlement.