തൃക്കാർത്തിക ദീപ പ്രഭയിൽ തിളങ്ങി സന്നിധാനം. ദീപാരാധനയ്ക്ക് മുൻപ് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ ആദ്യ കാർത്തിക ദീപം തെളിയിച്ചതോടെ ഈ വർഷത്തെ തൃക്കാർത്തിക വിളക്ക് വർണാഭമായി. ഉപദേവത പ്രതിഷ്ഠകൾക്ക് മുന്നിൽ മൺചിരാതുകളിൽ ദീപാലങ്കാരവും പുഷ്‌പാലങ്കാരവും ഒരുക്കി.
സന്നിധാനം അരുണ ശോഭയിൽ തിളങ്ങിയ വൃശ്ചിക സന്ധ്യയിൽ ദീപാരാധന തൊഴാനായി നൂറ് കണക്കിന് ഭക്തർ കാത്ത് നിന്നു. തിടപ്പള്ളിയിൽ തന്ത്രി ദീപം പകർന്നത്തോടെ തൃക്കാർത്തിക വിളക്ക് പൂർണതയിലേക്ക്.
സന്നിധാനത്തെ സേന വിഭാഗങ്ങളുടെയും ജീവനക്കാരുടെയും സംയുക്ത സഹകരണത്തോടെയാണ് ദീപങ്ങൾ തെളിയിച്ചത്. തിരക്ക് കുറവായിരുന്നതിനാൽ ഭക്തർക്ക് സുഗമമായ ദർശനം ലഭ്യമായി. തൃക്കാർത്തിക പ്രമാണിച്ച് മാളികപ്പുറത്ത് വിശേഷാൽ ദീപാരാധനയും നടന്നു. വലിയനടപ്പന്തൽ, പാണ്ടിത്താവളം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും ദീപങ്ങൾ തെളിച്ചു.