ഇന്ത്യന്‍ ജനാധിപത്യം അട്ടിമറിക്കപ്പെട്ടു എന്ന ആരോപണം ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ് രാജ്യത്തെ പ്രതിപക്ഷം തെരുവില്‍ പ്രതിഷേധിച്ചതാണ് കണ്ടത്. വോട്ട്കൊള്ളയെന്ന ഗൗരവകരമായ ആരോപണം അവഗണിക്കാൻ ഇനി തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയുമോ? രാജ്യത്തെ പ്രതിപക്ഷ എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ചും കണ്ടില്ലെന്ന് നടിക്കാനാകുമോ? ശകുന്‍ റാണി ഇരട്ടവോട്ട് ചെയ്തില്ലെന്ന് ഒളിഞ്ഞിരുന്ന് കണ്ടെത്തിയ കമ്മിഷന്‍ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളോട് അതേ ആവേശത്തിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്? വോട്ടര്‍പട്ടിക ക്രമക്കേട് സത്യപ്രസ്താവനയ്ക്കൊപ്പം എഴുതി സമർപ്പിക്കണമെന്ന് വാശിപിടിക്കുന്നത് സത്യാന്വേഷണത്തിന്‍റെ മാർഗ്ഗമല്ല. അവിശ്വാസത്തിന്‍റെയും ധ്രുവീകരണ രാഷ്ട്രീയത്തിന്‍റെയും കാലത്ത് ആരാണ് പൗരൻ, ആരാണ് പൗരനല്ലാത്തത് എന്ന ചോദ്യം ഉയർന്നുകൊണ്ടേയിരിക്കും. ആ വെല്ലുവിളി നേരിടാൻ കമ്മീഷൻ ഭരണഘടനാസ്ഥാപനമെന്ന നിലയിലുള്ള അതിന്‍റെ ശബ്ദം വീണ്ടെടുക്കുമോ? ആർട്ടിക്കിൾ 324 നെ പരിചയാക്കാനുള്ള നീക്കം ഉപേക്ഷിക്കുമോ? തെരഞ്ഞെടുപ്പു കമ്മീഷനു വേണ്ടി വാദിക്കാനുള്ള സർക്കാർ ശ്രമം തടയുമോ? ഭരണകക്ഷിയുടെ വക്താവായി തരംതാഴാതിരിക്കുമോ? ജനാധിപത്യം നീണാൾ വാഴാൻ രാജ്യതലസ്ഥാനത്ത് മറഞ്ഞിരിക്കുന്ന തിര.കമ്മിഷന്‍ വഴിയൊരുക്കുമോ?