രാഹുല്‍ഗാന്ധി തൊടുത്തു വിട്ട വോട്ട് ചോരി പരാതി, വോട്ട് മോഷണ വിഷയം, മഹാരാഷ്ട്രയും കര്‍ണാടകയും കടന്ന് തൃശൂരിലേക്ക് പടരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ സിപിഐയും കോണ്‍ഗ്രസും ഉയര്‍ത്തിയ കലക്ടര്‍ക്ക് മുന്‍പാകെ പരാതി ആയി എത്തിയ അനര്‍ഹ വോട്ട് ആരോപണം വീണ്ടും കത്തുകയാണ്. തൃശൂര്‍ ലോക്സഭ സീറ്റില്‍മറ്റു മണ്ഡലത്തിലുള്ളവര്‍ അടക്കം മുപ്പതിനായിരം അനര്‍ഹവോട്ട് വോട്ട് ബിജെപി ചേര്‍ത്തെന്ന് സിപിഎം. മണ്ണുത്തി നെട്ടിശേരിയിലെ വാടകവീട്ടിൽ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും വോട്ട് സുരേഷ് ഗോപി ചേർത്തെന്നും പുതിയ വോട്ടർപട്ടികയിൽ ഇവർക്കാർക്കും വോട്ടില്ലെന്നും കോൺഗ്രസ്. ഇപ്പറയുന്ന വോട്ടുകള്‍ കുറച്ചാലും സുരേഷ് ഗോപി ജയിക്കുമെന്ന് ഭൂരിപക്ഷം ഓര്‍മിപ്പിച്ച് ബിജെപി. കാര്യം, വിവാദം ഇത്ര കൊഴുക്കുമ്പോഴും സാക്ഷാല്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അരങ്ങിലെവിടെയും കാണാനില്ല, മിണ്ടാട്ടവുമില്ല.