എഡിഎം നവീൻ ബാബുവും ഡോ ഹാരിസ് ചിറയ്ക്കലും പ്രതികാര ദാഹിയായ സിസ്റ്റത്തിൻറെ ഇരകളോ? സർവീസിലൊരിക്കലും അഴിമതി ആരോപണം കേട്ടിട്ടില്ലാത്തവർ, ജനകീയരെന്ന് തെളിയിച്ചവർ എങ്ങനെ സർക്കാർ വിരുദ്ധരായി? കൈക്കൂലിക്കാരനും മോഷ്ടാവും ആയി? പിപി ദിവ്യയെന്ന സിപിഎം നേതാവിന്റെ മരണവാറണ്ടിന് പിന്നാലെ ജീവനൊടുക്കിയിട്ടും തീര്‍ന്നില്ല, നവീൻ ബാബുവിനെതിരായ സിസ്റ്റത്തിൻറെ പീഡനം മരണാനന്തരവും തുടരുന്നു. പാർട്ടിക്ക് പ്രിയപ്പെട്ടവരാണെങ്കിൽ ക്രിമിനല്‍ക്കേസ് പ്രതികളെപ്പോലും ജയിലേക്ക് യാത്രയാക്കാനും ജാമ്യം കിട്ടിയാൽ സ്വീകരിക്കാനും കുറ്റകൃത്യത്തെ ന്യായീകരിക്കാനും ഉന്നതരായ നേതാക്കൾ ഉണ്ടാകുമെന്ന സിപിഎമ്മിൻറെ രീതി പി.പി ദിവ്യയുടെ കാര്യത്തിലും പൂർവാധികം ഭംഗിയായി നടപ്പായി. പാവപ്പെട്ട രോഗികളെ മുൻനിർത്തി മെഡിക്കൽ കോളേജിലെ ഇല്ലായ്മ വെളിപ്പെടുത്തിയ ഡോ.ഹാരിസ് ജീവനോടെ സിസ്റ്റ ത്തിൻറെ പ്രതികാരത്തിന് വിധേയനാകുന്നു . അന്വേഷണ റിപ്പോർട്ട് ഡോ. ഹാരിസിൻറെ വെളിപ്പെടുത്തൽ ശരിവച്ചിട്ടും അത് മറച്ചുവച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്ന അച്ചടക്കത്തിൻറെ വാളെടുക്കുന്നു. അടിമകളായാൽ ചേർത്തുനിർത്തും. എതിർശബ്ദം ഉയർത്തിയാൽ, സ്വന്തം ചേരിയിൽപ്പെട്ടവരെങ്കിലും കഴുത്തുഞെരിക്കും. ഇതാണോ ഭരണത്തിൽ 9 ഒന്‍പത് വര്‍ഷം പൂർത്തായാക്കുന്ന സിപിഎമ്മിൻറെ യതാർത്ഥ പ്രോഗ്രസ് റിപ്പോർട്ട്? സിസ്റ്റത്തിന്റെ പ്രതികാരമോ ?