മനുഷ്യനെ കൊന്നു തള്ളുന്ന യുദ്ധങ്ങൾക്കെതിരെ, ആഭ്യന്തര കലാപങ്ങളിൽ നടമാടുന്ന കൊടുംക്രൂരതകൾക്കെതിരെ , മനുഷ്യാവകാശധ്വംസനങ്ങൾക്കെതിരെ, നീതിനിഷേധത്തിനെതിരെ പ്രതിഷേധിക്കുന്നത് മഹാപരാധമാണോ? സ്വന്തം നാട്ടിലെ പ്രശ്നങ്ങൾക്കെതിരെ മാത്രമാണോ ജനാധിപത്യ രാജ്യത്തെ പൗരന്മാർ ശബ്ദമുയർത്തേണ്ടത്? മാലിന്യസംസ്കരണം, മലിനീകരണം, വെള്ളപ്പൊക്കം തുടങ്ങി നാട്ടിൽ പരിഹരിക്കേണ്ട വിഷയങ്ങളിൽ മാത്രമാണോ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള രാഷ്ട്രീയ പാർട്ടികൾ പ്രതികരിക്കേണ്ടത്?
ഗാസയിലെ അതിക്രൂരമായ മനുഷ്യവേട്ടക്കെതിരെ പ്രതിഷേധിക്കാൻ ഇന്ത്യൻ ജനതയ്ക്ക് അവകാശമില്ലേ? ഇന്ത്യയിലെ ഒരു ഭരണഘടനാകോടതിയുടെ അമ്പരപ്പിക്കുന്ന ഉത്തരവാണ് നമ്മുടെ ജുഡീഷ്യറിയുടെ നിലപാടുകളെക്കുറിച്ച് ഗൗരവമുള്ള ചോദ്യങ്ങൾ ഉയർത്തുന്നത്. സ്വന്തം രാജ്യത്തിൻറെ അതിരുകളിൽ ഒതുങ്ങി നിൽക്കേണ്ടതാണോ മനുഷ്യത്വും നീതിബോധവും പ്രതികരണശേഷിയും ?. ഗാസയ്ക്കുവേണ്ടി ശബ്ദമുയർത്തിയാൽ ഇടിഞ്ഞ് വീഴുന്നതാണോ ഇന്ത്യൻ ദേശീയബോധം? വസുധൈവ കുടുംബകം എന്ന് ലോകത്തോട് പറയുന്നത് പിന്നെയെന്തിന്?