കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവിവാദം രാജ്ഭവനും കടന്ന് കേരള സര്‍വകലാശാലയുടെ സെനറ്റ് ഹാളിലുമെത്തി. ഹാളിനും പുറത്തും പ്രതിഷേധം കൂട്ടത്തല്ലായി. ഈ ചിത്രം വച്ച് പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഹാളിന് മുന്നില്‍ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പൊലീസുമായി പൊരിഞ്ഞ തല്ല്. പലരെയും അറസ്റ്റ് ചെയ്ത് നീക്കി. സെനറ്റ് ഹാളിന്റെ വരാന്തയില്‍ പരിപാടിയെ എതിര്‍ക്കുന്നവരും– അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി. ഇരുകൂട്ടര്‍ക്കും ഇടയില്‍ പൊലീസ് പാടുപെട്ടു. ഈ തല്ലിനിടെ, വന്‍ പൊലീസ് സുരക്ഷയില്‍ ഗവര്‍ണര്‍ വേദിയിലെത്തി. നിയമപ്രശ്നം ചൂണ്ടിക്കാട്ടി റജിസ്ട്രാറും സര്‍വകലാശായും പരിപാടി റദ്ദാക്കിയെന്ന് ഗവര്‍ണറെ അറിയിച്ചെങ്കിലും അത് അവഗണിച്ചായിരുന്നു ഗവര്‍ണറുടെ നാടകീയ എന്‍ട്രി. ശ്രീപത്മനാഭാ സേവാ സമിതിയായിരുന്നു പരിപാടിയുടെ സംഘാടകര്‍. അടിയന്തരാവസ്ഥയും അന്‍പത് ആണ്ട് എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. ഗവര്‍ണറുടെ നീക്കത്തിനെതിരെ സര്‍വകലാശയുടെ ഗേറ്റ് അടച്ച് എസ്.എഫ്.ഐ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.
കൗണ്ടര്‍പോയ്ന്റ് ചോദിക്കുന്നു– ഭാരതാംബ ചിത്രവിവാദം എങ്ങോട്ട് ? സംഘര്‍ഷം സൃഷ്ടിക്കുന്നതാര് ?