ജമാഅത്തെ ഇസ്‌ലാമി, പിഡിപി പിന്തുണകളുടെ പേരില്‍ കൊണ്ടുംകൊടുത്തും മുന്നേറുകയാണ് നിലമ്പൂരില്‍ യു.ഡി.എഫും എല്‍.ഡി.എഫും. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ പറ്റുന്ന യുഡിഎഫ് വര്‍ഗീയ മുന്നണിയായെന്ന് സിപിഎം. രണ്ടുപതിറ്റാണ്ടിനിടെ പലവട്ടം സിപിഎമ്മും മേടിച്ചില്ലേ ഈ വോട്ട്, അന്നില്ലാത്ത ഈ നിലപാട് ഇരട്ടത്താപ്പല്ലേ എന്ന് കോണ്‍ഗ്രസ്. അബ്ദുനാസര്‍ മഅ്ദനിയുടെ പിഡിപി എല്‍.ഡി.എഫിന് പിന്തുണപ്രഖ്യാപിച്ചതില്‍ കുഴപ്പമില്ലേ എന്നും ചോദ്യം. ഇല്ലെന്നും പിഡിപി പീഡിത പാര്‍ട്ടിയാണെന്നും വര്‍ഗീയത ഇല്ലാത്തവരാണ് എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റ്. ഇതിനിടെയ്ക്ക് ഹിന്ദുമഹാസഭയില്‍ ഒരുവിഭാഗം പിന്തുണ എല്‍ഡിഎഫിന് നല്‍കിയതും നിലമ്പൂരില്‍ ചൂടുള്ള ചര്‍ച്ച. തനിക്ക് പിന്നില്‍ എസ്.പി.ഐയും ജമാഅത്തെ ഇസ്ലാമിയും ആണെന്ന് പണ്ട് പറഞ്ഞ എം.വി.ഗോവിന്ദന്‍ ഇപ്പോള്‍ ആ ആരോപണത്തില്‍ ഉറച്ച് നില്‍കുന്നുണ്ടോ എന്ന് പി.വി. അന്‍വര്‍. വോട്ടെടുപ്പിന് ഏഴ് ദിവസം ബാക്കി നില്‍ക്കെ, പിന്തുണക്കാര്യത്തില്‍ കാണുന്ന ഈ പോര് നിലമ്പൂരില്‍ എന്ത് ഫലമുണ്ടാക്കും ? നമുക്ക് വോട്ട് തന്നാല്‍ അവര്‍ മതേതരം, അല്ലെങ്കില്‍ വര്‍ഗീയം.. എന്ന വിധത്തിലോ നിലപാടുകള്‍ ? ചരിത്രം മറച്ചുവച്ച് നുണപറയുന്നതാരാണ് ? തുറന്നു കാട്ടപ്പെട്ടുന്നത് ആരൊക്കെയാണ് ?.