പാക്കിസ്ഥാനുമേല്‍ ഇന്ത്യ നേടിയ ആധികാരിക മുന്നേറ്റത്തിനുശേഷം രാജ്യത്തിന് ഇനി ലോകത്തെ ചിലത് ബോധ്യപ്പെടുത്താനുള്ള സമയമാണ്. അങ്ങനെ പാര്‍ലമെന്റ് അംഗങ്ങള്‍ നയിക്കുന്ന വിവിധ സമിതികളെ സര്‍ക്കാര്‍ യുഎസും യുകെയും യുഎഇയുമടക്കം നമുക്ക് അടുപ്പമുള്ള ലോകരാജ്യങ്ങളിലേക്ക് വിടുകയാണ്. ആദ്യത്തെ സമിതിയെ നയിക്കുന്നത് കോണ്‍ഗ്രസ് എംപി ശശി തരൂരെന്ന് വന്നതോടെ ഇതാ പുതിയൊരു വിവാദം. കോണ്‍ഗ്രസിനോട് സര്‍ക്കാര്‍ ചോദിച്ചത് പേരുകളാണ്. അവരത് കൊടുത്തു, നാല് പേരുകള്‍. അതില്‍ തരൂരില്ല. പക്ഷെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു തരൂരിനെ വിളിക്കുന്നു, ക്ഷണിക്കുന്നു. തരൂര്‍ സ്വീകരിക്കുന്നു. കേന്ദ്രത്തിന്റേത് ദുഷ്ടലാക്കെന്ന് നിലപാടെടുത്ത കോണ്‍ഗ്രസ് തരൂരിനോട് ഒന്നും പറഞ്ഞതായി അറിവില്ല. ക്ഷണം കിട്ടിയ കാര്യം പാര്‍ട്ടിയെ അറിയിച്ചെന്നും കൂടുതലൊന്നും തന്നോടല്ല ചോദിക്കേണ്ടതെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. അപ്പോള്‍ ഈ നിര്‍ണായക ദൗത്യത്തില്‍ തരൂര്‍ ഇടംപിടിക്കുന്നതില്‍ സംശയിക്കാന്‍ എന്തെങ്കിലുമുണ്ടോ? പ്രത്യേകിച്ച് അദ്ദേഹം പാര്‍ലമെന്റിന്റെ വിദേശകാര്യസമിതിയുടെ അധ്യക്ഷനായിരിക്കെ. എന്നാല്‍ ലോകത്തിന് മുന്നില്‍ ഇന്ത്യ ഒറ്റക്കെട്ടെന്ന് കാണിക്കാന്‍ ഉള്ള സന്നാഹത്തിനിടെ സര്‍ക്കാര്‍ രാജ്യത്തെ പ്രതിപക്ഷപാര്‍ട്ടികളെ വിശ്വാസത്തിലെടുക്കാന്‍ മറന്നോ? അതോ തരൂരുവഴിയൊരു നയതന്ത്രവും കോണ്‍ഗ്രസിനെതിരെ ബിജെപി ലക്ഷ്യമിട്ടോ? കോണ്‍ഗ്രസ് ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നത് പക്വതയോടെയോ?