വിമാനത്തില്‍ നടന്നതെന്ത്? അതിരുവിട്ട് ഈ പ്രതിഷേധത്തിന്റെ പോക്ക് എങ്ങോട്ട്?

ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലുണ്ടായ ആ സംഭവം രാഷ്ട്രീയകേരളത്തെ എവിടെയെത്തിച്ചു എന്ന് കണ്ടല്ലോ. നാടാകെ സംഘര്‍ഷം പടര്‍ന്ന രാത്രി. പ്രതിഷേധത്തിരയാളിയ ഇന്നത്തെ പകല്‍. വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിച്ച് കൊല്ലാനായിരുന്നു നീക്കമെന്ന് പൊലീസ് എഫ്ഐആര്‍. യാത്രക്കാര്‍ ഇറങ്ങുമ്പോള്‍ പ്രതികള്‍ മുദ്രാവാക്യം വിളിച്ച് എഴുന്നേറ്റു. നിന്നെ ഞങ്ങള്‍ വച്ചേക്കില്ലെടാ എന്ന് ആക്രോശിച്ച് മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോണ്‍ഗ്രസുകാരായ പ്രതികള്‍ പാഞ്ഞടുത്തുവെന്നും എഫ്ഐആറില്‍ പറയുന്നു. പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന ഇ.പി.ജയരാജന്റെ ആരോപണം തെറ്റെന്ന് തെളിഞ്ഞു. അങ്ങോട്ടുമിങ്ങോട്ടും മുന്നറിയിപ്പും ഭീഷണിയും നടത്തിയ കഴിഞ്ഞ രാത്രിക്ക് പിന്നാലെ ഇന്ന് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് കടന്നുകയറി ഡിവൈഎഫ്ഐക്കാര്‍. വധഭീഷണി മുഴക്കിയെന്ന് പ്രതിപക്ഷനേതാവിന്റെ ഓഫിസ്. പ്രതിപക്ഷപ്രതിഷേധങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ വൈകിട്ട് ചേര്‍ന്ന ഇടതുമുന്നണിയോഗം തീരുമാനിച്ചു. അപ്പോള്‍ പ്രധാനചോദ്യം, വിമാനത്തില്‍ നടന്നത് വധശ്രമമോ?