ആരാണ് ശോഭ പറ‍ഞ്ഞ ഹിരണ്യകശിപു? കേരള ബിജിപിയില്‍ സംഭവിക്കുന്നതെന്ത്?

35 സീറ്റുണ്ടെങ്കില്‍ സര്‍ക്കാരുണ്ടാക്കുമെന്ന ആത്മവിശ്വാസം ഉറക്കെ പ്രഖ്യാപിച്ചാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. പക്ഷെ നേമംകൂടി നഷ്ടപ്പെടുത്തി ആ പോരാട്ടം അവസാനിച്ചു. പിന്നെയുള്ള ഈ മാസങ്ങള്‍ക്കിടെയും നല്ല വാര്‍ത്തകളല്ല ബിജെപിയെ ചുറ്റിപ്പറ്റി കേട്ടതില്‍ പലതും. സി.കെ.ജാനുവിന് പണംകൊടുത്തുവെന്ന ആക്ഷേപം. മഞ്ചേശ്വരത്തെ കേസ്. കൊടകരയില്‍ മോഷ്ടിക്കപ്പെട്ട പണത്തെച്ചൊല്ലിയുള്ള ആരോപണങ്ങള്‍, അന്വേഷണങ്ങള്‍. പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി പുനസംഘടിപ്പിച്ചപ്പോള്‍ ശോഭ സുരേന്ദ്രന്‍ പുറത്ത്. പി.കെ.കൃഷ്ണദാസ് ഇ. ശ്രീധരനൊപ്പം ക്ഷണിതാവ് മാത്രം. ജില്ല പ്രസിഡന്റുമാരുടെ മാറ്റത്തെച്ചൊല്ലിയുള്ള പുകച്ചില്‍ വേറെ. ഇന്നിപ്പോള്‍ ശോഭ സുരേന്ദ്രന്‍ ചിലര്‍ കേള്‍ക്കാനായി പറയുന്നു. ജനാധിപത്യസമൂഹത്തില്‍ ജനപിന്തുണയാണ് പ്രധാനം. തന്നെ പൂജിക്കാത്തവരെ ചുട്ടുകൊല്ലുമെന്നും കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും കടലിലെറിഞ്ഞ് കൊല്ലുമെന്നും ഹിരണ്യകശിപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടില്‍ ഉറച്ചുനിന്ന പ്രഹ്ലാദനെയും പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശിപുവിനെയും ഓര്‍ക്കുന്നത് നല്ലതാണ് എന്ന്. ആരാണീ ഹിരണ്യകശിപു? ബിജെപിയില്‍ സംഭവിക്കുന്നത് എന്താണ്? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.