പൗരാവകാശങ്ങൾക്ക് വെല്ലുവിളി; വിമര്‍ശകര്‍ അഴിക്കുള്ളില്‍ ആകുമോ..?

ഭരണഘടനാ സംരക്ഷണത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കുമായി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അപകീര്‍ത്തി സംബന്ധിച്ച 499 വകുപ്പ് റദ്ദാക്കണം. സിപിഎമ്മിന്‍റെ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാചകമാണിത്. ഒരു വര്‍ഷത്തിനിപ്പുറം അതേ പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ 499നെക്കാള്‍ പൗരാവകാശങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന നിയമം നിയമസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെ കൊണ്ടു വന്നിരിക്കുന്നു. കേരളപൊലീസ് ആക്ട് ഭേദഗതി ചെയ്ത് കൊണ്ടുവന്ന 118 എ വകുപ്പ് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ആശങ്ക ശക്തമായിരിക്കുന്നു. എന്താണ് 118 എ ? 

ഒരാളെയോ ഒരുവിഭാഗം ആളുകളെയോ ഭീഷണിപ്പെടുത്തുന്നതിനോ അധിഷേപിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ വേണ്ടി ഏതെങ്കിലും കാര്യമോ വിഷയമോ വ്യാജമെന്ന് അറിഞ്ഞുകൊണ്ട് ഏതെങ്കിലും തരത്തിലുള്ളവിനിമയോപാധിയിലൂടെ നിര്‍മിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുകയും അത് അങ്ങനെയുള്ള ആളിന്‍റെയോ ഒരുവിഭാഗം ആളുകളുടെയോ അവര്‍ക്ക് താല്‍പര്യമുള്ള മറ്റേതെങ്കിലും ആളിന്‍റെയോ മനസിനോ ഖ്യാതിക്കോ വസ്തുവിനോ ഹാനിയുണ്ടാക്കാനിടയാക്കുകയും ചെയ്യുന്ന ഏതൊരാളെയും കുറ്റസ്ഥാപനത്തിന്‍മേല്‍ മൂന്നുവര്‍ഷം വരെയാകാവുന്ന തടവോ പതിനായിരം രൂപവരെയാകാവുന്ന പിഴയോ ഇവ രണ്ടും കൂടിയോ നല്‍കി ശിക്ഷിക്കേണ്ടതാണ്. കാര്യം വ്യക്തം, സമൂഹമാധ്യമങ്ങളിലൂടെ മാത്രമല്ല , മുഖ്യധാരാമാധ്യമങ്ങളിലൂടെയുണ്ടാകുന്ന വിമര്‍ശങ്ങളും അഴിക്കുള്ളിലാക്കാന്‍ സാധ്യതയുണ്ട്. വിമര്‍ശനങ്ങള്‍ക്ക് വിലങ്ങിടലോ ലക്ഷ്യം ?