സര്‍ക്കാരിനെതിരെ അവിശ്വാസം; പ്രതിപക്ഷ നീക്കം അനവസരത്തിലോ ?

നാലര വര്‍ഷം പിന്നിടുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ നാളെ ആദ്യ അവിശ്വാസ പ്രമേയം നേരിടുന്നു. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിനും എതിരെയുള്ള ആക്ഷേപങ്ങളുടെ പേരിലാണ് അവിശ്വാസ നീക്കം. 1986ല്‍ കെ.കരുണാകരന്‍ മന്ത്രിസഭയ്ക്കെതിരെ ഇ.കെ.നായനാര്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയവുമായി സമാനതകളുള്ള ഒന്ന്. കേന്ദ്രസര്‍ക്കാര്‍ അനഭിമതരായി പ്രഖ്യാപിച്ച കുവൈത്തി പൗരന്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം രാജ്യദ്രോഹപ്രവര്‍ത്തികള്‍ നടത്താന്‍ ഒത്താശ ചെയ്തു എന്ന ആരോപണം ഉയര്‍ത്തിയാണ് അന്ന് നായനാര്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. 

37 വര്‍ഷത്തിനിപ്പുറം മറ്റൊരു  സംസ്ഥാനസര്‍ക്കാരിന്‍റെ വിദേശഇടപാടുകള്‍ വീണ്ടും സഭയില്‍ ചര്‍ച്ചയാവുന്നു. മന്ത്രി കെ.ടി ജലീലിന്‍റെ വിശുദ്ധഗ്രന്ഥ വിതരണം, ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മിഷന്‍ ഇടപാട്, കണ്‍സള്‍ട്ടന്‍സി കരാറുകള്‍ തുടങ്ങിയ വിഷയങ്ങളും അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടേക്കും. പ്രതിപക്ഷ നീക്കം രാജ്യദ്രോഹമെന്നന്നാണ് മന്ത്രി എ.കെ. ബാലൻ വിശേഷിപ്പിച്ചത്. അതേസമയം, പ്രതിപക്ഷ നിരയിലെ ഭിന്നതയും മറനീക്കി പുറത്തുവന്നു.

യു.ഡി.എഫില്‍ നിന്ന് മാറി നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. കൗണ്ടര്‍ പോയിന്‍റ് ചര്‍ച്ച ചെയ്യുന്നു. പിണറായി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം അനവസരത്തിലോ ?