ഉല്‍സവത്തിനപ്പുറം, മല്‍സരത്തിനപ്പുറം കലാവേദികള്‍ എന്താകണം?

സംസ്ഥാന സ്കൂള്‍ കലോല്‍സവം തൃശൂരില്‍ കൊടിയേറി. മല്‍സരങ്ങള്‍ നാളെ തുടങ്ങും. അതിനുമുന്നേ ചില കിടമല്‍സരങ്ങള്‍ക്ക് കോടതി തടയിട്ടിരിക്കുന്നു. കലോല്‍സവങ്ങളില്‍ അപ്പീലുകള്‍ ഒഴിവാക്കാന്‍ കഴിയില്ല. പക്ഷേ കയ്യും കണക്കുമില്ലാതെ അപ്പീലുകള്‍ അനുവദിച്ച് കലോല്‍സവം കലഹോല്‍സവമാക്കി മാറ്റുന്ന പ്രവണത കഴിഞ്ഞ ഏതാനും വര്‍ഷമായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആദ്യം അപ്പീല്‍ കമ്മിറ്റി. അവിടെ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതി, ബാലാവകാശ കമ്മിഷന്‍, ലോകായുക്ത. എന്തിന് പൊതുമരാമത്ത് ഓംബുഡ്സ്മാന്റെ ഉത്തരവുമായി കലോല്‍സവത്തില്‍ മല്‍സരിക്കാനെത്തിയ സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്. ഇതില്‍ ലോകായുക്തയില്‍ നിന്ന് അപ്പീല്‍ വാങ്ങി സംസ്ഥാന കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ വരുന്നവരെ വിലക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവായിരിക്കുന്നു. ലോകായുക്തയ്ക്ക് ഇതിനുള്ള അധികാരമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദമാണ് ഹൈക്കോടതി അംഗീകരിച്ചത്. കലോല്‍സവ നടത്തിപ്പ് സുഗമമാക്കാന്‍ ഈ ഉത്തരവ് സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ കലാമല്‍സരങ്ങളെ കലുഷിതമാക്കുന്ന വിധത്തില്‍ അപ്പീലുകള്‍ പെരുകാനുള്ള കാരണങ്ങള്‍ തിരുത്താതെ ഇതിന് ശാശ്വത പരിഹാരം സാധ്യമാകില്ല. 

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്- 

കലോല്‍സവത്തില്‍ അപ്പീല്‍ പ്രവാഹം ഒരല്‍പമെങ്കിലും തടയാന്‍ സഹായിക്കുന്ന തീരുമാനമെടുത്തതിന് ഹൈക്കോടതിക്ക് നന്ദി. അതിനുള്ള സാഹചര്യം ഒരുക്കിയതിന് സര്‍ക്കാരിന് നന്ദി. പക്ഷേ അപ്പീലുകളല്ല, അപ്പീലുകള്‍ പെരുകുന്ന സാഹചര്യമാണ് ഇല്ലാതാകേണ്ടത്. ജില്ലാതലത്തില്‍ കൃത്യമായ വിധിനിര്‍ണയം ഉറപ്പുവരുത്തുകയും ഗ്രേസ് മാര്‍ക്ക് എന്ന ഗ്രേസില്ലാത്ത മാര്‍ക്ക് നിര്‍ത്തലാക്കുകയും ചെയ്താലേ കലോല്‍സവ നടത്തിപ്പിലെ കളങ്കം മാറൂ.