വിധിയെ മാനിക്കണം, അതെഴുതിയ ജനത്തെയും

2017 ന് വിടപറയാന്‍ വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമിരിക്കെ അതിലേറ്റവും പ്രധാനപ്പെട്ട ദിവസമേതാണ്? ഒരു സംശയവുമില്ല ഇന്ത്യന്‍ രാഷ്ട്രീയത്തിന് അത് അടുത്ത തിങ്കളാഴ്ചയാണ്. ഗുജറാത്ത് ജനവിധി. ഇന്ന് പൂര്‍ത്തിയായ വോട്ടെടുപ്പിന് തൊട്ടുപിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വരുന്നു. അത് പറയുന്നത് ഗുജറാത്ത് ബിജെപിക്കുതന്നെ എന്നാണ്. ഈ സര്‍വേഫലത്തിനും അതിന്മേല്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കുമെല്ലാം മൂന്നുപകലിന്റെ ആയുസേയുള്ളു. അതിനപ്പുറം വരും ഒന്നരവര്‍ഷത്തിനപ്പുറത്തെ മഹാ രാഷ്ട്രീയയുദ്ധത്തെ സ്വാധീനിക്കുന്ന യഥാര്‍ഥചിത്രം. 

നിലപാട് 

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. ഒപ്പത്തിനൊപ്പം ബിജെപിയും കോണ്‍ഗ്രസും പോരടിച്ച രാഷ്ട്രീയയുദ്ധകാലമാണ് ഗുജറാത്തില്‍ പൂര്‍ത്തിയാകുന്നത്. ജയിക്കുന്നത് ആരുമാകട്ടെ. ആ ജയം ജനത്തിന്റെ യഥാര്‍ഥ തിരഞ്ഞെടുപ്പാണെന്ന് ഇനിയെങ്കിലും അംഗീകരിക്കപ്പെടണം. ബിജെപി വീണ്ടും ജയിക്കുന്നെങ്കില്‍ അതും. അല്ല കോണ്‍ഗ്രസാണെങ്കില്‍ അതും. ഫലത്തിന് ശേഷമുള്ള മണിക്കൂറുകളില്‍ ആ ജനതയുടെ വിലയിടിച്ച് കാട്ടരുത് രാഷ്ട്രീയനേതൃത്വങ്ങള്‍. വിധിയെ മാനിക്കണം. അതെഴുതിയ ജനത്തെയും.