പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു പിന്നാലെ ക്ഷേത്രത്തിലെത്തി താലികെട്ടിയ യുവാവ് അറസ്റ്റില്‍. വ്യക്തിത്വം മറച്ചുവച്ച് പെണ്‍കുട്ടിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയെന്നും പീഡിപ്പിച്ച ശേഷം ക്ഷേത്രത്തിലെത്തി വിവാഹം ചെയ്തെന്നുമാണ് ഇയാള്‍ക്കെതിരായ പരാതി. ഹിന്ദുവാണെന്ന് കള്ളം പറഞ്ഞ മനോവര്‍ അന്‍സാരി എന്ന യുവാവാണ് പിടിയിലായത്. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചിലാണ് സംഭവം.
ജൂലൈ 15നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയോട് താന്‍ ഹിന്ദുമത വിശ്വാസിയാണെന്നും പേര് മനോഹര്‍ ആണെന്നും ഇയാള്‍ നുണ പറഞ്ഞു, പിന്നാലെ കുട്ടിയോട് ഇറങ്ങി വരാനാവശ്യപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. സ്കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. രാവിലെ പതിനൊന്നരയോടെ മകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് അമ്മയെ വിളിച്ചറിയിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അമ്മ കണ്ടത് ശിവഗാഡി ക്ഷേത്രത്തിലെത്തി വിവാഹിതയായ മകളെയാണ്. പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ക്ഷേത്രത്തിലെത്തിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. ഇയാള്‍ മകളെ മുന്‍പും പലപ്പോഴും ഉപദ്രവിക്കാനും പിന്തുടരാനും ശ്രമിച്ചിട്ടുണ്ടെന്ന് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.
ജൂണ്‍ 29ന് മകളെ റാഞ്ചിയിലേക്ക് കൊണ്ടുപോയി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നു. പരാതിയെ തുടർന്ന് അന്വേഷിച്ച പൊലീസ് വ്യാഴാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്നീട് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം അമ്മയുടെയും അമ്മാവന്റെയും സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തി.