Image: X, @HateDetectors

  • ഐടി ജീവനക്കാരിയുടെ മൃതദേഹവുമായി ബന്ധുക്കൾ ആന്ധ്രയിലെ കാമുകന്റെ വീട്ടുപടിക്കൽ പ്രതിഷേധിച്ചു. ഖത്തറിൽ എന്‍ജിനിയറായ സായ് സുമന്തുമായി കഴിഞ്ഞ എട്ട് വർഷമായി കീർത്തി പ്രണയത്തിലായിരുന്നു.

പ്രണയനൈരാശ്യത്തെ തുടർന്ന് ജീവനൊടുക്കിയ ഐടി ജീവനക്കാരിയുടെ മൃതദേഹവുമായി ബന്ധുക്കൾ കാമുകന്റെ വീട്ടുപടിക്കൽ പ്രതിഷേധിച്ചു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ തംഗുതുരു മണ്ഡലത്തിലെ പൊണ്ടൂരു ഗ്രാമത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മൃതദേഹത്തിൽ കാമുകനെക്കൊണ്ട് താലി ചാർത്തിക്കണമെന്നും കാമുകന്റെ ഗ്രാമത്തിൽ സംസ്കാരം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പെൺകുട്ടിയുടെ വീട്ടുകാരുടെ പ്രതിഷേധം

ഗുണ്ടൂർ ജില്ലയിലെ പ്രതിപ്പാടു മണ്ഡലത്തിലെ കൊൺഡ്രുപാണ്ഡു സ്വദേശിനിയായ അദ്ദഗല്ല കീർത്തി (24) ആണ്  ജൂലൈ 14-ന് മുംബൈയിലെ പിജി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചത്. ഖത്തറിൽ എന്‍ജിനിയറായ സായ് സുമന്തുമായി കഴിഞ്ഞ എട്ട് വർഷമായി കീർത്തി പ്രണയത്തിലായിരുന്നു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടതാണ് ഇരുവരും. എന്നാല്‍ ഈ അടുത്ത കാലത്ത് സുമന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് കീർത്തി കടുംകൈ ചെയ്തതെന്ന് പോലീസ് പറയുന്നു.

തന്റെ മൃതദേഹം കാമുകൻ സായ് സുമന്തിന്റെ സ്വന്തം ഗ്രാമമായ പൊണ്ടൂരുവിൽ സംസ്കരിക്കണമെന്നത് കീർത്തിയുടെ അവസാന ആഗ്രഹമായിരുന്നുവെന്ന് കുടുംബം അവകാശപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച മുംബൈയിൽ നിന്നും കീർത്തിയുടെ മൃതദേഹവുമായി ബന്ധുക്കൾ പൊണ്ടൂരുവിൽ എത്തിയത്.

സുമന്ത് നാട്ടിൽ ഉണ്ടായിരുന്നില്ല. എങ്കിലും വീട്ടുകാർ ഇടപെട്ട് മൃതദേഹത്തിൽ താലി ചാർത്താൻ സമ്മതിക്കണമെന്നും തങ്ങളുടെ മകളുടെ അവസാന ആഗ്രഹം സാധിച്ചു തരണമെന്നും ആവശ്യപ്പെട്ടാണ് ബന്ധുക്കൾ മൃതദേഹവുമായി  സുമന്തിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ചത്. ഇതേച്ചൊല്ലി ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. ഒടുവിൽ, കീർത്തിയുടെ അന്ത്യകർമ്മങ്ങൾ പൊണ്ടൂരു ഗ്രാമത്തിൽ തന്നെ നടത്താൻ സുമന്തിന്റെ വീട്ടുകാർ സമ്മതിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ മൃതദേഹം സംസ്കരിക്കാൻ തയാറായതെന്ന് തംഗുതുരു എസ്.ഐ ഫണി ഭൂഷൺ അറിയിച്ചു. സംഭവത്തിൽ മുംബൈ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

IT Employee Dies by Suicide; Family Protests with Dead Body at Lover's House Demanding Marriage Rituals:

The family of a 24-year-old IT professional, Addagalla Keerthi, who died by suicide in a Mumbai PG hostel due to a failed relationship, staged a dramatic protest with her body outside her lover's house in Andhra Pradesh. The relatives demanded that the lover, Sai Sumanth—a Qatar-based engineer who recently backed out of their eight-year relationship—tie a thali (nuptial thread) on the corpse and allow her cremation in his native village as per her final wish. The situation led to a tense standoff and altercation between both families outside Sumanth's residence in Ponduru village, Prakasam district. The protest concluded only after the lover's family agreed to let Keerthi's final rites be performed in their village, while the Mumbai Police have registered a case to investigate the suicide.