എഐ ചിത്രം (പ്രതീകാത്മകം)
മദ്യം നൽകി പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍, ഒന്നും രണ്ടും പ്രതികളെ കോടതി 10 വർഷത്തെ കഠിനതടവിനും 15000 രൂപ വീതം പിഴ അടയ്ക്കാനും ശിക്ഷിച്ചു. ആക്കുളം സ്വദേശികളായ ജിഷ്ണു കെ മോഹൻ (26), വിഷ്ണു (29) എന്നിവരെയാണ് പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്.
പിഴ തുകയോടൊപ്പം ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്ന് അർഹമായ നഷ്ടപരിഹാരം പെൺകുട്ടിക്ക് നൽകണമെന്നുമാണ് കോടതി ഉത്തരവ്. പിഴ അടച്ചില്ലെങ്കിൽ പ്രതികൾ രണ്ടുവർഷം അധികം തടവ് കൂടി അനുഭവിക്കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നു.
2024 ജൂലായ് നാലിനാണ് പീഡനം നടന്നത്. അമ്പലത്തിൽ വച്ചാണ് വിവാഹിതനായ ഒന്നാം പ്രതിയെ പെൺകുട്ടി പരിചയപ്പെട്ടത്. ഈ സൗഹൃദം ഉപയോഗിച്ച് പ്രതി പെൺകുട്ടിയെയും രണ്ട് കൂട്ടുകാരികളെയും രണ്ടാം പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ എത്തിയ പെൺകുട്ടികൾക്ക് ഇരുവരും ചേർന്ന് നിർബന്ധിച്ച് മദ്യം നൽകി.
ശേഷം ഒന്നാംപ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു. രണ്ടാം പ്രതിയുടെ മുറിയിലായിരുന്നു മറ്റ് രണ്ട് കുട്ടികളും. ഇതിൽ ഒരു കുട്ടിയെ രണ്ടാം പ്രതിയും പീഡിപ്പിച്ചു. കോടതിയില്‍ മറ്റു രണ്ട് കുട്ടികളും പ്രോസിക്യൂഷനെതിരായി മൊഴി മാറ്റിയിരുന്നു. എന്നാൽ പെൺകുട്ടിയുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും പരിശോധിച്ച കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ട് ശിക്ഷ വിധിക്കുകയായിരുന്നു. സംഭവം കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയിൽ മദ്യത്തിന്റെ മണവും മറ്റ് ശാരീരിക അസ്വസ്ഥതകളും കണ്ടതോടെയാണ് വീട്ടുകാർ ആശുപത്രിയിലെത്തിച്ചത്. അപ്പോഴാണ് മദ്യം നൽകി പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത്.