കര്‍ണാടകയെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച പത്തൊമ്പതുകാരിയായ ഗര്‍ഭിണിയെ അച്ഛനും സഹോദരനും ബന്ധുക്കളും ചേര്‍ന്നു വീടുകയറി വെട്ടിക്കൊന്നു. ഹുബ്ബള്ളി ഇനാം വീരാപൂരിലാണു നടുക്കുന്ന സംഭവം.
ഹുബ്ബള്ളി ഇനാം വീരാപൂരില്‍ ഇന്നലെയാണു ജാതിയുടെ കണ്ണില്ലാത്ത ക്രൂരത. ഗ്രാമത്തിലെ ലിംഗായത്തു സമുദായത്തില്‍പെട്ട മാന്യ പാട്ടീലും ദളിത് വിഭാഗക്കരനാ വിവേകാനന്ദയും കഴിഞ്ഞ മേയ്്് യിലാണു വിവാഹിതരായത്. ബിരുദ വിദ്യാര്‍ഥികളായ ഇരുവരും മാന്യയുടെ കുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നു ഹാവേരിയിലേക്കു താമസം മാറിയിരുന്നു. മാന്യ ഗര്‍ഭിണിയായതിനെ തുടര്‍ന്നു കഴിഞ്ഞ ഒന്‍പതിനാണു ഗ്രാമത്തിലേക്കു മടങ്ങിയെത്തിയത്. തൊട്ടുപിറകെ മാന്യയുടെ വീട്ടുകാര്‍ വിവേകാന്ദയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. പൊലീസ് ഇരുകുടുംബങ്ങളെയും വിളിച്ചുവരുത്തി അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഇന്നലെ വൈകീട്ട് മാന്യയുടെ അച്ഛന്‍ പ്രകാശ് ഗൗഡ പാട്ടീലും സഹോദരന്‍ അരുണ്‍ അടക്കമുള്ള സംഘം ഇരച്ചുകയറി ആക്രമിക്കുകയായിരുന്നു. വിവേകാന്ദയുടെ അച്ഛന്‍,അമ്മ, ബന്ധു അടക്കം വീട്ടിലുണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും വെട്ടേറ്റു. സാരമായി പരുക്കേറ്റ മാന്യ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് മാന്യയുടെ അച്ഛന്‍ പ്രകാശ്, സഹോദരന്‍ അരുണ്‍, ബന്ധു വീരണ്ണ എന്നിവരെ അറസ്റ്റ് ചെയ്തു. നാലുമാസം ഗര്‍ഭിണിയായിരുന്നു മാന്യ