എല്ലാം നേരത്തെ ഉറപ്പിച്ച ശേഷമാണ് ദര്‍ശിതയ്​ക്കൊപ്പം സിദ്ധരാജു ലോഡ്ജില്‍ മുറിയെടുക്കുന്നത്. കണ്ണൂര്‍ കല്യാട്ടെ ഭര്‍തൃവീട്ടില്‍ നിന്നും മടങ്ങിയ ദര്‍ശിതയുമായി ചേര്‍ന്ന് സിദ്ധരാജു മുറിയെടുത്തത് സാലിഗ്രാമയിലെ ബിലികെരെ ലോഡ്ജിലാണ്. കൊലപാതകത്തിന് ഉപയോഗിച്ച സ്ഫോടക വസ്തു പ്രതിയായ സിദ്ധരാജു നേരത്തെ കരുതിയിരുന്നതായി കേസ് അന്വേഷിക്കുന്ന സാലിഗ്രാമ ഇന്‍സ്പെക്ടര്‍ ശശികുമാര്‍ മനോരമ ന്യൂസ്.കോമിനോട് പറഞ്ഞു.

താലിയടക്കം വീട്ടിലെന്ന് ദര്‍ശിത; ഇടയ്ക്ക് ദേഷ്യം വരും, പെരുമാറ്റത്തില്‍ മാറ്റം

മരിച്ച നിലയില്‍ കണ്ടെത്തിയ ദര്‍ശിതയും സിദ്ധരാജുവും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള സാമ്പത്തിക തര്‍ക്കങ്ങളും സിദ്ധരാജുവിനെ ഒഴിവാക്കാന്‍ നടത്തിയ ശ്രമങ്ങളുമാണ് ക്രൂരകൊലാപതകത്തിലേക്ക് എത്തിച്ചത്. ദർശിതയുടെ കൈകാലുകൾ ബന്ധിച്ച് വായിൽ ഡിറ്റനേറ്റർ തിരുകിയാണ് കൊലപാതകം നടത്തിയത്. മൊബൈൽ ചാർജറിലെ വയര്‍ ഡിറ്റനേറ്ററുമായി ബന്ധിപ്പിച്ചാണ് പൊട്ടിത്തെറിപ്പിച്ചത്. 

സിദ്ധരാജുവിന്‍റെ നാടായ പെരിയപട്ടണയില്‍ നിറയെ ക്വാറികളുണ്ട്. ഇവിടെ നിന്നാണ് ഇയാള്‍ സ്ഫോടനക വസ്തു സംഘടിപ്പിച്ചത്. ഇത് ഉപയോഗിക്കുന്ന രീതിയും ഇയാള്‍ക്ക് പരിചിതമായിരുന്നുവെന്നും സാലിഗ്രാമ ഇന്‍സ്പെക്ടര്‍ ശശികുമാര്‍ പറഞ്ഞു. 

ഭര്‍ത്താവിനൊപ്പം ഗള്‍ഫിലേക്ക് പോകാനൊരുങ്ങി ദര്‍ഷിത; ഫോണെടുത്തത് ഒരു പുരുഷന്‍

കൊലപാതകം നടത്തിയ ശേഷം ഭക്ഷണം വാങ്ങാനായി സിദ്ധരാജു പുറത്തേക്ക് പോയി. തിരിച്ചെത്തിയ സിദ്ധരാജു വാതില്‍ തുറക്കാന്‍ സാധിക്കുന്നില്ലെന്ന് ലോഡ്ജ് ജീവനക്കാരെ അറിയിക്കുകയായിരുന്നു. വാതില്‍ തുറന്ന സമയത്താണ് ദര്‍ശിത മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസിനോട് ഫോണ്‍ പൊട്ടിത്തെറിച്ചത് അപകടമെന്നാണ് സിദ്ധരാജു പറഞ്ഞു. എന്നാല്‍ ഫോണ്‍ പൊട്ടിത്തെറിച്ച സൂചനയൊന്നും പൊലീസിന് ലഭിച്ചില്ലെന്നും ഇന്‍സ്പെക്ടര്‍ ശശികുമാര്‍ പറഞ്ഞു. 

അതേസമയം കല്യാട്ടെ വീട്ടില്‍ നിന്നും നഷ്ടമായ 30 പവനും നാലു ലക്ഷം രൂപയും സംബന്ധിച്ച വിവരങ്ങളൊന്നും ഇയാളില്‍ നിന്നും ലഭിച്ചിട്ടില്ല. മോഷണത്തില്‍ ഇയാളെ ബന്ധിപ്പിക്കുന്ന തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പ്രതിയെ റിമാന്‍ഡ് ചെയ്തതായും ഇന്‍സ്പെക്ടര്‍ പറഞ്ഞു. 

ENGLISH SUMMARY:

Murder in Saligrama involved pre-planning by Siddharaju to kill Darshita due to financial disputes and her attempts to avoid him. The victim's hands and feet were tied, and explosives were used, leading to Siddharaju's arrest and ongoing investigation.