എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ഉദയ്പൂരില്‍ വയോധികയെ കൊള്ളയടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് തെളിവ് നശിപ്പിക്കാന്‍ പ്രചോദനമായത് 'ദൃശ്യം', 'ക്രൈം പട്രോൾ' എന്നീ സിനിമകളെന്ന് പൊലീസ്. ഫത്തേനഗർ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഒടുവില്‍ പ്രതി അകത്തായത്.
ഫെബ്രുവരി 23 നാണ് വയോധികയായ തന്‍റെ ആന്‍റി ചാന്ദി ബായിയെ കാണാനില്ലെന്ന് കാണിച്ച് സുന്ദർലാൽ എന്നയാള്‍ പൊലീസില്‍ പരാതി നല്‍കുന്നത്. പിന്നാലെ ഉദയ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് മാസത്തിന് ശേഷം ഏപ്രിൽ 22 ന് ബിഎൻഎസ്, എസ്‌സി/എസ്ടി ആക്ട് പ്രകാരം കേസിൽ എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്യുകയും അസിസ്റ്റന്റ് എസ്പി മനീഷ് കുമാർ അന്വേഷണത്തിന്റെ ചുമതല ഏറ്റെടുക്കുയും ചെയ്തു.
അന്വേഷണത്തിൽ ചാന്ദി ബായിയെ അവസാനമായി കണ്ടത് അവരുടെ വീടിനടുത്താണെന്ന് വ്യക്തമായിരുന്നു. സില്‍വര്‍ നിറമുള്ള വാനിൽ അവരെ കൊണ്ടുപോകുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ മൊഴി നല്‍കുകയും ചെയ്തു. കൂടുതൽ അന്വേഷണത്തിൽ വാൻ രമേശ് ലോഹര്‍ എന്നയാളുടേതാണ് കണ്ടെത്തി. പിന്നാലെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതി മുന്‍പും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.
'ദൃശ്യം' എന്ന സിനിമയിൽ നിന്നും 'ക്രൈം പട്രോൾ' എന്ന ടിവി ഷോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് താന്‍ കൃത്യം നടപ്പാക്കിയത് എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ജനുവരി 9 ന് ഒരു പരിപാടിക്കിടെയാണ് ആഭരണങ്ങള്‍ ധരിച്ച ചാന്ദി ബായിയെ രമേഷ് ശ്രദ്ധിക്കുന്നത്. പിന്നാലെയായിരുന്നു ഇയാള്‍ ക്രൂരകൃത്യം ആസൂത്രണം ചെയ്യുന്നത്. ഫെബ്രുവരി 22 ന് നിര്‍ബന്ധിച്ച് വാനില്‍ കയറ്റിയ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. വയോധികയെ വാനില്‍ കയറ്റിയ ശേഷം ഇരുട്ടാകുന്നതുവരെ മണിക്കൂറുകളോളം കാറിൽ തന്നെ ഇയാള്‍ ചുറ്റിക്കറങ്ങി. കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ മോഷ്ടിച്ചു. ശരീരം കഷണങ്ങളാക്കി മാലിന്യക്കൂമ്പാരത്തിലിട്ട് കത്തിക്കുകയായിരുന്നു.
രമേശിന്‍റെ ഭാര്യയാണ് 'ദൃശ്യം', 'ക്രൈം പട്രോൾ' എന്നിവ ഇയാള്‍ തുടര്‍ച്ചയായി കാണാറുണ്ടെന്ന് പൊലീസിനോട് പറഞ്ഞത്. ഡിജിറ്റൽ തെളിവുകൾ പ്രകാരം ഇയാള്‍ സിനിമ ആവർത്തിച്ച് കാണുകയും അനുബന്ധ വിഷയങ്ങള്‍ ഓണ്‍ലൈനില്‍ തിരഞ്ഞിട്ടുമുണ്ട്. ദൃശ്യം സിനിമയിലെ രംഗം പോലെ ആദ്യം വയോധികയുടെ മൃതദേഹാവശിഷ്ടങ്ങള്‍ എന്നുപറഞ്ഞ് മൃഗങ്ങളുടെ അസ്ഥികള്‍ കാണിച്ച് ഇയാള്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടിച്ച ആഭരണങ്ങളും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും കണ്ടെടുക്കുകയും ചെയ്തത്. മോഷ്ടിച്ച ആഭരണങ്ങളിൽ ചിലത് രമേശ് വിറ്റതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.