pune-court-accuesd-attack

കൊലക്കേസ് പ്രതിക്കുനേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം. മഹാരാഷ്ട്രയിലെ പൂ‌ണെയിൽ കോടതിക്ക് പുറത്ത് ഉച്ചകഴിഞ്ഞാണ് സംഭവം. 35-കാരനായ മന്ദാർ മാരുതി കിവാലെക്കാണ് പരുക്കേറ്റത്. വടിവാളും വാക്കത്തിയും ഉപയോഗിച്ച് ആക്രമിച്ച സംഘം ഇയാളുടെ കൈപ്പത്തി വെട്ടിമാറ്റിയ ശേഷം വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റ കിവാലെയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്

അക്രമി സംഘം യുവാവിനെ അക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണത്തിന് ശേഷം പ്രതികള്‍ രണ്ടു സ്കൂട്ടറുകളില്‍ കയറി രക്ഷപ്പെട്ടു. 

വെട്ടേറ്റ് രക്തത്തിൽ കുളിച്ച യുവാവ് അവിടെ നിന്ന് എഴുന്നേറ്റ് നടക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇദ്ദേഹത്തിന്‍റെ അറ്റുപോയ ഒരു കൈ നടപ്പാതയില്‍ കിടക്കുന്നതും ചുറ്റുമുള്ളവര്‍ അത് നോക്കി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവസ്ഥലത്ത് നിന്ന് രണ്ട് പിസ്റ്റളുകളും ഒരു മാഗസിനും പൊലീസ് കണ്ടെടുത്തു. 

2025-ൽ നടന്ന കൊലപാതകക്കേസിൽ മന്ദാർ മാരുതി കിവാലെ ഉൾപ്പെട്ടിരുന്നു. പൂനെയിലെ സന്തോഷ് നഗർ കാട്രാജിൽ, ഭൂമി തർക്കത്തെയും സാമ്പത്തിക ഇടപാടുകളെയും ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന്, 26 വയസ്സുകാരനായ റസ്റ്ററന്റ് ഉടമ ശുഭം സുഭാഷ് ചവാനെ കൊലപ്പെടുത്തിയ കേസിൽ കിവാലെ ജയിലിലായിരുന്നു. കിവാലെയും കൂട്ടാളികളും ചേർന്ന് സ്റ്റമ്പുകളും മുളവടികളും ഉപയോഗിച്ച് മർദ്ദിച്ചാണ് ചവാനെ കൊലപ്പെടുത്തിയത്. ഈ കേസിൽ മുഖ്യപ്രതി അമർ സകോരെ, മറ്റ് പ്രതികളായ ഗിരീഷ് സുഭാഷ് ബാബാരെ, യോഗേഷ് ബാബാവുറാവു ഡോറെ എന്നിവർക്കൊപ്പം കിവാലെയും അറസ്റ്റിലായിരുന്നു. നാല് ദിവസം മുമ്പാണ് കിവാലെ ജയിൽ മോചിതനായത്. നിയമനടപടികൾക്കായി കോടതിയിലെത്തിയപ്പോൾ കോടതിക്ക് പുറത്തുവെച്ചാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. പ്രതികളെ കണ്ടെത്തി അവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകി.

ENGLISH SUMMARY:

A five-member gang attacked 35-year-old murder accused Mandar Maruti Kivale outside a court in Pune in the afternoon, hacking off his hand with sharp weapons and opening fire before fleeing on two scooters. Kivale, who had been released from jail four days earlier and was at the court for legal proceedings, was hospitalized in critical condition, while police recovered two pistols and a magazine from the scene.