wild-boar-attack-odisha-two-missing

Representative Image

വന്യമൃഗങ്ങളെ വേട്ടയാടാന്‍ പോയ യുവാവ് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. കാട്ടുപന്നിയെ പിടിക്കാന്‍ വൈദ്യുതി കടത്തിവിട്ടിരുന്ന കെണിയില്‍ നിന്നാണ് ഷോക്കേറ്റത്. ഒഡിഷയിലെ കേന്ദ്രപ്പാറ ജില്ലയിലെ ഭോപാല്‍ ഗ്രാമത്തില്‍ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ഭോപാല്‍ ഗ്രാമവാസിയായ അശ്വസ്ത നായക് (45) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം വേട്ടയ്ക്ക് പോയ രണ്ട് യുവാക്കളെ കാണാനില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വനത്തോട് ചേര്‍ന്ന കൃഷിഭൂമിയുടെ അതിര്‍ത്തിയിലാണ് വൈദ്യുതി വേലിയും പന്നിക്കെണിയും വച്ചിരുന്നതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. 

മഹാകാലപദ ബ്ലോക്കിലെ ഭോപാല്‍–ഒസ്തിര മേഖലയിലാണ് തിരച്ചില്‍ നടക്കുന്നത്. നായക്കിന്‍റെ പോക്കറ്റില്‍ നിന്ന് സെര്‍ച്ച് ലൈറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് ഏഴുമണിക്ക് സമീപവാസികളായ ചിലര്‍ വീട്ടിലെത്തി അശ്വസ്ത് നായക്കിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ഭാര്യ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

തന്ദിപാല്‍ മറൈന്‍ പൊലീസ് സ്റ്റേഷനില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അശ്വസ്ത് നായക്കിന്‍റെ മരണത്തിനിടയാക്കിയ സാഹചര്യം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. കാണാതായ യുവാക്കളുടെ പശ്ചാത്തലവും അന്വേഷിക്കുന്നുണ്ട്.

ENGLISH SUMMARY:

A 45-year-old man named Ashwastha Nayak died from electrocution after touching a live-wire wild boar trap set along farmland bordering forest land in Bhopal village, Kendrapara district, Odisha. His body was discovered in the morning with a search light in his pocket, while two youths who went hunting with him remain missing and are the subject of an ongoing search across the Bhopal–Ostira area of Mahakalapada block.