yash-maheswari-standup-comedian

ബിഹാറി സ്ത്രീകൾ നീളത്തിൽ സിന്ദൂരം അണിയുന്നതിനെ അധിക്ഷേപിച്ച് സ്റ്റാൻ‍ഡ് അപ് കൊമേഡിയൻ യഷ് മഹേശ്വരി. ഛഠ് പൂജയോടനുബന്ധിച്ചായിരുന്നു താരത്തിന്‍റെ പരാമര്‍ശം. സംഭവത്തിൽ മാപ്പപേക്ഷിച്ച് യഷ് വിഡിയോ പുറത്തുവിട്ടെങ്കിലും പ്രതിഷേധം ശക്തമാണ്. 

നവംബർ 21നാണ് കേസിനാസ്പദമായ സംഭവം. യഷ് മഹേശ്വരി തന്‍റെ യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ് ബിഹാറി സ്ത്രീകളുടെ സിന്ദൂരത്തിന്‍റെ നീളത്തെ പുരുഷ ലൈംഗികാവയവത്തോട് ഉപമിച്ചത്. ഛഠ് പൂജയോടനുബന്ധിച്ച് സ്ത്രീകൾ മൂക്കിൻതുമ്പിൽ നിന്ന് തുടങ്ങി നെറുക വരെ നീളത്തിൽ ഓറഞ്ച് നിറത്തിലുള്ള സിന്ദൂരം ചാർത്തുന്ന ആചാരത്തെയാണ് യഷ് ഇത്തരത്തില്‍  പരിഹസിച്ചത്. സിന്ദൂരമണിഞ്ഞ സ്ത്രീകളെ ഹനുമാനോടും യഷ് ഉപമിച്ചിരുന്നു. ഇത്തരത്തില്‍ സിന്ദൂരം ധരിച്ച ആളുകള്‍ എന്തിനാണ് ദൈവത്തെപ്പോലെ വേഷംകെട്ടി തന്‍റെ വീടിനു ചുറ്റും കറങ്ങിനടക്കുന്നതെന്നും യഷ് ചോദിച്ചു.

നേരത്തെ നടന്ന ഒരു സ്റ്റാൻഡ്അപ് കോമഡി പരിപാടിയുടെ വിഡിയോയായിരുന്നു അത്. യഷ് സിന്ദൂരത്തെ കുറിച്ച് കളിയാക്കി സംസാരിക്കുമ്പോള്‍ വേദിയിലുണ്ടായിരുന്ന കാണികളിൽ ചിലർ ഇതിന് കയ്യടിക്കുകയും ചിരിക്കുകയും ചെയ്തെങ്കിലും വിഡിയോ സോഷ്യല്‍മീഡിയയില്‍ അപ്‌ലോഡ് ചെയ്തതോടെ കടുത്ത ജനരോഷമാണ് ഉയർന്നത്. ബിഹാറിലെ സ്ത്രീകളെയും സംസ്കാരത്തെയും ആചാരങ്ങളെയും പരസ്യമായി അപമാനിച്ച ഇയാളെ വെറുതെ വിടരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കളും അഭിഭാഷകരും സാധാരണക്കാരും രംഗത്തെത്തി. ബിഹാറിലെ എല്ലാ ജില്ലകളിലും ഇയാൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന് ബിജെപി നേതാവ് ഋതു ജയ്‌സ്വാളും ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഇയാൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് മനു സിങ്‍വിയും ആവശ്യപ്പെട്ടു.

എല്ലായിടത്തുനിന്നുമുള്ള പ്രതിഷേധം ശക്തമായതോടെ, ബിഹാറിലെ സ്ത്രീകൾക്കെതിരായ ഇത്തരം മോശം പരാമർശങ്ങൾ സാമൂഹിക സൗഹാർദം തകർക്കാനും വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താനും ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി പട്‌ന സൈബർ പൊലീസ് യഷ് മഹേശ്വരിക്കെതിരെ കേസെടുത്തു.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പട്‌ന പൊലീസ് അറിയിച്ചു.

പ്രതിഷേധം കനക്കുകയും പൊലീസ് കേസെടുക്കുകയും ചെയ്തതോടെ യഷ് മഹേശ്വരി തന്‍റെ യുട്യൂബ് ചാനലിലൂടെ തന്നെ ക്ഷമാപണ വിഡിയോയും പങ്കുവച്ചത്. ഒരു മതവിശ്വാസത്തെയോ ഉത്സവത്തെയോ ആരുടെയും വികാരങ്ങളെയോ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാലും എന്‍റെ ഭാഗത്തുനിന്നുണ്ടായ തെറ്റിന് ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു, ഇനി ഇത്തരത്തിലൊരു കണ്ടന്‍റ് എന്‍റെ പരിപാടികളില്‍ ഉണ്ടാവില്ലെന്നും യഷ് വിഡിയോയില്‍ പറഞ്ഞിരുന്നു. 

ഇതുകൂടാതെ, മുന്‍പും ഇതേരീതിയിലുള്ള വിവാദ പരാമര്‍ശം യഷിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. ബിഹാറി സ്ത്രീകൾക്ക് അടി കൊള്ളാനാണ് ഇഷ്ടം, ഹരിയാൻവി പുരുഷന്മാർക്കാണെങ്കിൽ സ്ത്രീകളെ തല്ലാനാണ് ഇഷ്ടം. അതിനാൽ ബിഹാറി സ്ത്രീകളെ ഹരിയാൻവി പുരുഷന്മാർക്ക് വിവാഹം കഴിച്ചു കൊടുക്കണം എന്നായിരുന്നു അന്നത്തെ വിവാദ പരാമര്‍ശം.

ENGLISH SUMMARY:

Stand-up comedian Yash Maheshwari has sparked widespread outrage after a November 21 YouTube video mocked the long sindoor worn by Bihari women during Chhath Puja and compared it to a male organ.