എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

കാമുകനൊപ്പമുള്ള സ്വകാര്യനിമിഷങ്ങള്‍ കണ്ടതിനെത്തുടർന്ന് 76-കാരനായ മുത്തച്ഛനെ ചപ്പാത്തിപ്പലക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി പേരക്കുട്ടിയും കാമുകനും. ഉത്തർപ്രദേശിലെ ഝാൻസിയില്‍ ചിർഗാവ് പൊലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള ചിറോണ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. കൊലയ്ക്ക് ശേഷം മൃതദേഹം ഇരുവരും ചേര്‍ന്ന് കിണറ്റിലെറിയുകയും ചെയ്തു. സംഭവത്തില്‍ 16-കാരിയായ പെണ്‍കുട്ടിയേയും 20-കാരനായ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

 

10 വർഷം മുൻപ് അമ്മ മരിച്ചതിനെത്തുടർന്ന് പെണ്‍കുട്ടിയേയും സഹോദരിയേയും മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്നാണ് ചെറുപ്പം മുതലേ വളർത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മുത്തശ്ശി ജോലിക്ക് പോയ സമയത്താണ് 10-ാം ക്ലാസുകാരിയായ പെൺകുട്ടി കാമുകനായ വിശാൽ കുശ്‌വാഹയെ (20) വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഇതിനിടെ അപ്രതീക്ഷിതമായി മുത്തച്ഛന്‍ ഇവരെ മുറിക്കുള്ളിൽ ഒരുമിച്ച് കണ്ടെത്തുകയായിരുന്നു. 

 

തുടര്‍ന്ന് വിവരം പുറത്തറിയാതിരിക്കാനും ആളുകളെ കൂട്ടി ബഹളമുണ്ടാക്കാതിരിക്കാനും വിശാൽ വൃദ്ധന്റെ കഴുത്ത് ഞെരിച്ചു. ഈ സമയം പെൺകുട്ടി അടുക്കളയിലുണ്ടായിരുന്ന ചപ്പാത്തിപ്പലക ഉപയോഗിച്ച് തലയിൽ പലതവണ അടിക്കുകയായിരുന്നു. തലയിലുണ്ടായ ആഴത്തിലുള്ള മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. കൊലയ്ക്ക് ശേഷം മൃതദേഹം ഇരുവരും ചേർന്ന് വീടിന് പിന്നിലെ കിണറ്റിൽ തള്ളുകയും ചെയ്തു.

 

അടുത്ത ദിവസം രാവിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയ കുടുംബാംഗങ്ങളും നാട്ടുകാരും, മദ്യപിച്ച ശേഷം അബദ്ധത്തിൽ കിണറ്റിൽ വീണ് മരിച്ചതാകാമെന്നാണ് കരുതിയത്. തുടർന്ന് മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ, മരണാനന്തര ചടങ്ങുകൾക്ക് ശേഷം സെപ്റ്റംബർ 15-ന് വീട് വൃത്തിയാക്കുന്നതിനിടെ പെൺകുട്ടിയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ ബന്ധുക്കൾക്ക് ലഭിച്ചു. ഇതോടെ പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 

 

താൻ അപ്പൂപ്പനെ അടിച്ചുകൊന്നതാണെന്നും കാമുകനായ വിശാൽ ഒപ്പമുണ്ടായിരുന്നുവെന്നും പെൺകുട്ടി സമ്മതിച്ചു. തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിശാലിനെ അറസ്റ്റ് ചെയ്യുകയും പെൺകുട്ടിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

In a horrific incident in Jhansi, Uttar Pradesh, a 16-year-old girl and her 20-year-old lover were arrested for murdering her 76-year-old grandfather. The crime occurred after the elderly man accidentally caught the duo together in a private moment while the girl's grandmother was away at work. Fearing exposure, the lover strangled the man while the minor girl repeatedly struck his head with a rolling board, after which they dumped his body into a backyard well. The murder came to light when relatives discovered blood-stained clothes in the house during post-funeral cleaning, prompting police action and the subsequent arrest of both accused.