• ബലപ്രയോഗത്തിലൂടെ പൊലീസ് ഗൗരവിനെ കസ്റ്റഡിയിലെടുത്തതോടെ അഞ്ജലി തടയാന്‍ ശ്രമിച്ചു. ഇതോടെ പൊലീസുകാരന്‍ വയറില്‍ ചവിട്ടിയെന്നാണ് കുടുംബം ആരോപിക്കുന്നത്

മോഷണക്കേസില്‍ യുവാവിെന പിടിക്കാനെത്തിയ പൊലീസിന്‍റെ ചവിട്ടേറ്റ് ഗര്‍ഭിണിയായ ഭാര്യയ്ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. 28കാരിയായ അ‍ഞ്ജലി വര്‍മയാണ് മരിച്ചത്. എട്ടരമാസം ഗര്‍ഭിണിയായിരുന്നു അ‍ഞ്ജലി. സംഭവത്തില്‍ രണ്ട് എസ്ഐമാരുള്‍പ്പടെ ആറ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ലഭൗവ ഗ്രാമത്തില്‍ പലചരക്ക് കടയിലെ മോഷണത്തില്‍ ഗൗരവ് കുമാറിന് പങ്കുണ്ടെന്ന് സംശയം തോന്നിയതോടെയാണ് വീട്ടിലേക്ക് അന്വേഷിക്കാന്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. 

ഷിക്കോഹാബാദ് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം ഞായറാഴ്ച രാത്രിയോടെയാണ് ഗൗരവിന്‍റെ വീട്ടിലെത്തിയത്. ഗൗരവിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ കൊണ്ടുപോകരുതെന്ന് അഞ്ജലി പൊലീസുകാരോട് അപേക്ഷിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു. താന്‍ പൂര്‍ണഗര്‍ഭിണിയാണെന്നും ഈ രാത്രിയില്‍ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ട് പോകരുതെന്നും ഗൗരവിന് മോഷണത്തില്‍ പങ്കില്ലെന്നും അഞ്ജലി പറഞ്ഞു. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് കടയുടമ കള്ളപ്പരാതി നല്‍കിയതാണെന്നും ഗൗരവിന്‍റെ സഹോദരന്‍ പറയുന്നു. 

ബലപ്രയോഗത്തിലൂടെ പൊലീസ് ഗൗരവിനെ കസ്റ്റഡിയിലെടുത്തതോടെ അഞ്ജലി തടയാന്‍ ശ്രമിച്ചു. ഇതോടെ പൊലീസുകാരന്‍ വയറില്‍ ചവിട്ടിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ഗുരുതരാവസ്ഥയിലായ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. രാത്രിയോടെ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയെങ്കിലും അഞ്ജലിക്ക് ജീവന്‍ നഷ്ടമായി. നവജാതശിശു തീവ്രപരിചരണ വിഭാഗത്തിലാണ്. 

വിഡിയോഗ്രഫറാണ് അഞ്ജലിയുടെ ഭര്‍ത്താവായ ഗൗരവ്. മരണത്തെ തുടര്‍ന്ന് നാട്ടുകാര്‍ കൂട്ടത്തോടെ പൊലീസ് സ്റ്റേഷനിലേക്കെത്തി. കേസ് റജിസ്റ്റര്‍ ചെയ്യണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന് പിന്നാലെയാണ് പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 

ENGLISH SUMMARY:

An eight-and-a-half-month pregnant woman named Anjali Verma died in Firozabad, Uttar Pradesh, after allegedly being kicked in the abdomen by police officers. The incident occurred when a team from Shikohabad police station raided her residence to detain her husband, Gaurav Kumar, regarding a theft case. As Anjali attempted to plead with the officers against taking her husband, a cop reportedly kicked her in the stomach, causing severe internal trauma. She was immediately rushed to a local hospital where she gave birth to a baby boy before succumbing to her injuries. The newborn baby remains in critical condition inside the intensive care unit. Following intense public protests at the police station, authorities suspended six police personnel, including two Sub-Inspectors, and initiated a formal inquiry.