പൂര്‍ണ ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് റോഡിലെ കുഴിയില്‍ വീണ് കുടുങ്ങിയതോടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. കൃത്യസമയത്ത് കുഞ്ഞിനെ പുറത്തെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് മരണം സംഭവിച്ചത്.
പ്രദീപ് സിങ് എന്നയാളുടെ ഭാര്യയ്ക്ക് പ്രസവ വേദന കഠിനമായതോടെയാണ് ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സ് വിളിച്ചത്. യുവതിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ റോഡിലെ ഗട്ടറില്‍ വണ്ടി കുടുങ്ങി. ഒടുവില്‍ ട്രാക്ടര്‍ കൊണ്ട് കെട്ടിവലിച്ചാണ് ആംബുലന്‍സ് റോഡിലേക്ക് കയറ്റിയത്. രണ്ടു മണിക്കൂര്‍ വൈകി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഗര്‍ഭസ്ഥ ശിശു മരിച്ചു. ട്രാക്ടര്‍ കൊണ്ട് ആംബുലന്‍സ് കെട്ടിവലിച്ച് എടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
റോഡിന്റെ ശോച്യാവസ്ഥയാണ് തനിക്ക് കുഞ്ഞിനെ നഷ്ടമാകാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടി പ്രദീപ് കുമാര്‍ പരാതി നല്‍കി. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും റോഡ് നന്നാക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, ബിജെപിയുടെ അഴിമതിയാണ് ഗര്‍ഭസ്ഥ ശിശുവിന്‍റെ പോലും ജീവനെടുക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് ആരോപിച്ചു. റോഡ് നന്നാക്കേണ്ട പണം വകമാറ്റി ചെലവഴിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.