Image: X

സൈനികന്‍റെ ഭൗതികശരീരവുമായി ജന്മനാട്ടിലേക്ക് പോകുകയായിരുന്ന ആംബുലൻസ് നിർത്തിയിട്ടിരുന്ന ട്രക്കുമായി കൂട്ടിയിടിച്ച് മകനുള്‍പ്പെടെ നാലു പേർ മരിച്ചു. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലുള്ള പൂർവാഞ്ചൽ എക്‌സ്പ്രസ്‌വേയിൽ ഞായറാഴ്ച രാവിലെ 8:30 ഓടെയാണ് അപകടമുണ്ടായത്. കരസേനാ ജവാനും സുബേദാറുമായ അന്തരിച്ച സത്യവാന്‍ സിങ്ങിന്‍റെ ഏക മകന്‍ ഗൗരവ് സിങ് (28), സഹോദരൻ രാജൻ ചൗധരി (35), അനന്തരവൻ റാം സമുജ് സിങ് (40) എന്നിവരാണ് മരിച്ചത്.

ലഖ്‌നൗവിൽ നിന്ന് സൈനികന്റെ ഭൗതികശരീരവും വഹിച്ച് ഗാസിപൂരിലെ സ്വന്തം ഗ്രാമത്തിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. പൂർവാഞ്ചൽ എക്‌സ്പ്രസ്‌‌വേയിലെ ഹാലിയാപ്പൂരിന് സമീപം വെച്ച് ആംബുലൻസ് നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ആംബുലൻസ് പൂർണ്ണമായും തകർന്നു. ആംബുലൻസിലുണ്ടായിരുന്ന നാല് പേരില്‍ ഗൗരവും ആംബുലൻസ് ഡ്രൈവറും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മറ്റ് രണ്ടുപേര്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ആംബുലന്‍സിന്‍റെ മുൻപിലെ സീറ്റില്‍ ഡ്രൈവര്‍ക്കൊപ്പമായിരുന്നു ഗൗരവും ഇരുന്നിരുന്നത്. ഡ്രൈവറുടെ മൃതദേഹം ഗ്യാസ് കട്ടർ ഉപയോഗിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആംബുലൻസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ആംബുലൻസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

ഡിയോറിയയിലെ രുദ്രാപൂർ സ്വദേശിയായ സുബേദാർ മേജർ സത്യവാൻ സിങ് മീററ്റിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ചണ്ഡീഗഡിലെ കമാൻഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. മൂന്ന് ദിവസം മുമ്പ് പഞ്ച്കുളയിൽ വച്ചാണ് അദ്ദേഹം മരിച്ചത്.

അപകടവിവരം അറിഞ്ഞ ഉടൻ തന്നെ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച ഉദ്യോഗസ്ഥര്‍ ചുറ്റുമുള്ള പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

ENGLISH SUMMARY:

In a tragic accident on the Purvanchal Expressway in Uttar Pradesh, four people, including the son of a martyred Army Subedar Major, were killed when their ambulance crashed into a parked truck. The vehicle was carrying the remains of Subedar Major Satyawan Singh from Lucknow to his native village in Deoria when the incident occurred near Haliyapur. The deceased have been identified as the soldier's only son Gaurav Singh, relatives Rajan Chowdhury and Ram Samuj Singh, and the ambulance driver. Preliminary police investigations suggest that the driver falling asleep at the wheel and overspeeding led to the fatal crash.