ക്ഷേമം ഉറപ്പുവരുത്തുന്നതു പോലെ തന്നെ ഒരോ സർക്കാരിന്‍റെയും പ്രഥമ പരിഗണനയാകേണ്ട വിഷയമാണ് ആ നാട്ടിലെ ജനങ്ങളുടെ സുരക്ഷയും. അതിൽ എല്ലാതരം സുരക്ഷയും ഉള്‍പ്പെടും. അതിലേറ്റവും പ്രധാനപ്പെട്ടതാണ് റോഡ് സുരക്ഷ. ഒരു നാടിന് സമൃദ്ധമായ വിഭവങ്ങള്‍ നൽകേണ്ട പൌരന്മാരെ പൊതുനിരത്തുകള്‍ക്ക് വിട്ടുകൊടുക്കാതിരിക്കാന്‍ സർക്കാർ സംവിധാനങ്ങള്‍ ജാഗ്രത പുലർത്തണം. അപകടങ്ങള്‍ക്ക് കടന്നുകൂടാനുള്ള പഴുതുകള്‍ കൊടുക്കരുത്. പൊലീസീന്‍റെയും മോട്ടോർ വാഹന വകുപ്പിന്‍റെയും നിരന്തര പരിശോധനകള്‍ക്കപ്പുറത്ത് അപകടങ്ങള്‍ ഒഴിവാക്കാന്‍ മറ്റെല്ലാ സംവിധാനങ്ങളും സജ്ജമാക്കണം. നമ്മുടെ നാടാകെ സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകള്‍ ഇപ്പോഴും പണ്ടത്തെ പ്രസരിപ്പോടുകൂടി പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം. ആ ക്യാമറകളിൽ അനിയന്ത്രിതമായി നിയമലംഘനങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവയെ തടുക്കാനുള്ള മറ്റ് വഴികള്‍ അവലംബിക്കണം. നിയമം ലംഘിക്കുന്നത് ആരായാലും മാതൃകാപരമായ ശിക്ഷകള്‍ക്ക് വിധേയരാക്കണം.
നമ്മള്‍ മലയാളികളാണ്... ലോകത്തെവിടെ ചെന്നാലും ആരാധകവൃന്ദമുള്ള നല്ല നടപ്പുകാരാണ്. അങ്ങനെയുള്ള നമ്മള്‍ നമ്മുക്ക് തന്നെ അപമാനമായി മാറരുത്. അറിഞ്ഞോ അറിയാതെയോ ഉള്ള നിയമലംഘനങ്ങള്‍ സൃഷ്ടിക്കുകയോ ആവർത്തിക്കുകയോ ചെയ്യരുത്. മദ്യവും മറ്റ് ലഹരി വസ്തുക്കളുമുപയോഗിച്ച് വാഹനങ്ങളോടിക്കരുത്. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ അശ്രദ്ധയുമരുത്. അമിതവേഗത തീരെയരുത്. ഉറക്കചടവിൽ വാഹനമോടിക്കാന്‍ താത്പ്പര്യപ്പെടരുത്. യാത്രാമധ്യേ ക്ഷീണമനുഭവപ്പെട്ടാൽ വാഹനം ഒരുവശത്തേക്കൊതുക്കി തെല്ലുമയങ്ങാന്‍ മറന്നുപോകരുത്. യാത്ര കാൽനടയിലാണെങ്കിലും ശ്രദ്ധ നന്നേ വേണം. ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച് യാത്രചെയ്യാനും ശ്രദ്ദിക്കണം. നിരത്തുകളിലും മറ്റിടങ്ങളിലും പൌരന്മാരുടെ സുരക്ഷയുറപ്പാക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. അത് ഒരു വിട്ടുവീഴ്ചയുമില്ലാതെ തന്നെ നടപ്പിലാക്കുകയും വേണം. നമ്മുടേതു പോലെ തന്നെ മറ്റുള്ളവരുടെ ജീവനും നമുക്ക് വിലപ്പെട്ടതാവണം. നാം നമുക്കും അവർക്കും താങ്ങാവണം തണലാകണം.