Image: X

നാലു കൈകളും കാലുകളുമായി മധ്യപ്രദേശിലെ ഛത്തർപൂരിൽ അപൂർവശിശു പിറന്നു. കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി ജബൽപൂരിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യവിദഗ്ധർ. കൂടുതൽ പരിശോധനകളും ശസ്ത്രക്രിയയും ആവശ്യമായ സാഹചര്യത്തിലാണിത്.

ഛത്തർപൂരിലെ പ്രാദേശിക ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. സാധാരണ ശരീരഭാഗങ്ങൾക്ക് പുറമെ ഉദരഭാഗത്തോട് ചേർന്ന് അധികമായി വളർന്ന കൈകളും കാലുകളുമാണ് കുഞ്ഞിനുള്ളത്. ജനനസമയത്ത് തന്നെ ഈ അപൂർവ ശരീരഘടന ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

പാരാസൈറ്റിക് ട്വിന്നിങ് (Parasitic Twinning) എന്നാണ് ഈ അപൂർവ ജന്മവൈകല്യത്തെ മെഡിക്കൽ രംഗത്ത് വിശേഷിപ്പിക്കുന്നത്. ഒരു ഇരട്ടക്കുഞ്ഞിന്റെ ശരീരം പൂർണമായി വികസിക്കാതെ മറ്റൊരു കുഞ്ഞിന്റെ ശരീരത്തോട് ഭാഗികമായി ചേർന്ന് നിലനിൽക്കുന്ന അവസ്ഥയാണിത്. ഗർഭാവസ്ഥയുടെ തുടക്കത്തിൽ ഒരേ ഭ്രൂണത്തിൽ നിന്ന് ഇരട്ടക്കുഞ്ഞുങ്ങൾ രൂപപ്പെടുമ്പോൾ, ഭ്രൂണങ്ങളുടെ വേർപിരിയൽ പൂർണമാകാതെ വരുമ്പോളാണ് ഇത് സംഭവിക്കുന്നത്. അധിക കൈകൾ, കാലുകൾ, വിരലുകൾ, ശരീരഭാഗങ്ങൾ എന്നിവയായി ഇത് പുറത്തേക്ക് കാണപ്പെടാം.

പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയും ശരീരഘടനയിലെ സങ്കീർണതകളും വിലയിരുത്തിയ ശേഷമാണ് വിദഗ്ധചികിത്സ നിർദേശിച്ചത്. കൂടുതൽ പരിശോധനകൾക്ക് ശേഷമേ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള തുടർചികിത്സ സംബന്ധിച്ച തീരുമാനമെടുക്കൂ. കുഞ്ഞിന് നിലവില്‍ മൂന്ന് കിലോ ഭാരമുണ്ട്.

റോഡ് മാർഗമുള്ള ദീർഘയാത്ര കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വേഗത്തിൽ ജബൽപൂരിലെ വിദഗ്ധ ചികിത്സാകേന്ദ്രത്തിലെത്തിക്കാൻ എയർലിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. കുഞ്ഞിന്റെ നിലവിലെ ആരോഗ്യസ്ഥിതി, ആവശ്യമായ ചികിത്സ, ശസ്ത്രക്രിയയുടെ സാധ്യത എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിശദമായ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ.

ENGLISH SUMMARY:

A newborn baby in Madhya Pradesh was born with an extremely rare congenital condition featuring four arms and four legs. Due to the complex anatomical structure, medical experts recommended advanced treatment and specialized surgical evaluations. To avoid the health risks associated with a lengthy road trip, authorities arranged to airlift the infant to a premier hospital in Jabalpur. Doctors will conduct comprehensive diagnostic tests before determining the appropriate surgical procedures for the child.